Asianet News MalayalamAsianet News Malayalam

കേരളത്തില്‍ നിക്ഷേപത്തിനൊരുങ്ങി ലംബോർഗിനി സ്ഥാപകന്‍റെ മകന്‍ ടൊനിനോ ലംബോർഗിനി

ആഡംബര ഫ്ളാറ്റുകൾ, പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിശോധിച്ചു വരികയാണെന്ന് ടൊനിനോ ലംബോർഗിനി

Tonino Lamborghini all set to invest in kerala 
Author
First Published Jan 7, 2023, 10:20 PM IST

കൊച്ചി: അത്യാഡംബര കാർ കമ്പനിയായ ലംബോർഗിനിയുടെ സ്ഥാപകൻ ഫെറൂചിയോ ലംബോർഗിനിയുടെ മകൻ ടൊനിനോ ലംബോർഗിനി കൊച്ചിയില്‍ വ്യവസായ മന്ത്രി പി രാജീവുമായി ചര്‍ച്ച നടത്തി. കേരളത്തിൽ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായി വിശദമായ തുടർ ചർച്ചകൾ നടത്തുമെന്ന് ടൊനിനോ ലംബോർഗിനിവ്യക്‌തമാക്കി.  ആഡംബര ഫ്ളാറ്റുകൾ, പാർപ്പിട സമുച്ചയങ്ങൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിലെ നിക്ഷേപ സാധ്യതകൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇറ്റലി ആസ്ഥാനമായ 'ടൊനിനോ ലംബോർഗിനി ഗ്രൂപ്പി'ന്റെ സ്ഥാപകനും പ്രസിഡന്റുമാണ് ടൊനിനോ ലംബോർഗിനി.  ഇലക്ട്രിക് വാഹന നിർമ്മാണത്തിൽ കേരളത്തിലെ നിക്ഷേപ സാധ്യതകൾ ഗൗരവമായി പരിശോധിക്കും. ഗോൾഫ് കാർട്ട് പോലെയുള്ള വാഹനങ്ങളുടെ നിർമ്മാണത്തിലും കേരളത്തിന്റെ സാധ്യതകൾ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ആലോചിക്കുന്നുണ്ട്. ആഡംബര പെർഫ്യൂമുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്ന കാര്യത്തിലും സഹകരണ സാധ്യതകൾ തേടും. 

ആഡംബര വസ്തുക്കളുടെ വിപണിയിലേക്ക് കടക്കാൻ തയ്യാറുള്ള ശക്തരായ തദ്ദേശ ബ്രാന്റുകളുമായി യോജിച്ച് പ്രവർത്തിക്കുന്ന കാര്യവും പരിഗണനയിലുള്ളതായി ടോനിനോ ലംബോർഗിനി മന്ത്രിയെ അറിയിച്ചു. കേരളത്തിൽ നിക്ഷേപത്തിന് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാനത്തിന്റെ ഉപഹാരമായി ആറൻമുള കണ്ണാടി മന്ത്രി  ടൊനിനോ ലംബോർഗിനിക്ക് സമ്മാനിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിനും വിപുലീകരണത്തിനുമായി 10000 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് പി രാജീവ് നേരത്തെ വിശദമാക്കിയിരുന്നു. വ്യവസായ വിദഗ്ധര്‍, തൊഴിലാളി സംഘടനകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും മന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്ത് സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളുടെ രംഗത്ത് വൻ കുതിപ്പാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ എട്ട് മാസംകൊണ്ട് 1,01,353 എംഎസ്എംഇ സംരംഭങ്ങൾ തുടങ്ങിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചത്. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ നടന്നത്. 2,20,500 പേർക്ക് തൊഴിലും  ലഭിച്ചു.  മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രം പതിനായിരത്തിൽ അധികം സംരംഭങ്ങളാണ് പുതുതായി തുടങ്ങിയത്. ഒരു വർഷം കൊണ്ട് കൈവരിക്കാൻ ലക്ഷ്യമിട്ട കാര്യമാണ് വ്യവസായ വകുപ്പ് എട്ട് മാസം കൊണ്ട് യാഥാർത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios