പോര്‍ട്ട്ഫോളിയോയിലെ ഫണ്ടുകളുടെ എണ്ണം ചുരുക്കുന്നതും, ഹ്രസ്വകാല-ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി നിക്ഷേപിക്കുന്നതുമാണ് സമ്പത്തുണ്ടാക്കാന്‍ ഏറ്റവും മികച്ച വഴിയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഒട്ടേറെ മ്യൂച്വല്‍ ഫണ്ടുകളില്‍ ഒരേസമയം എസ്‌ഐപി ചെയ്യുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാരില്‍ പലരും. എന്നാല്‍, ഇങ്ങനെ വാരിവലിച്ച് നിക്ഷേപിക്കുന്നത് പലപ്പോഴും ഒരേ ഓഹരികളില്‍ തന്നെ വീണ്ടും നിക്ഷേപിക്കുന്നതിന് കാരണമാകുമെന്നും, ഇത് ലാഭത്തെ ബാധിക്കുമെന്നും പലരും തിരിച്ചറിയാറില്ല. പോര്‍ട്ട്ഫോളിയോയിലെ ഫണ്ടുകളുടെ എണ്ണം ചുരുക്കുന്നതും, ഹ്രസ്വകാല-ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി നിക്ഷേപിക്കുന്നതുമാണ് സമ്പത്തുണ്ടാക്കാന്‍ ഏറ്റവും മികച്ച വഴിയെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇടി നൗവിലെ 'ദ മണി ഷോ'യുടെ പ്രേക്ഷകനായ ആശിഷ് മൗര്യ എന്ന 29-കാരന്റെ കഥ ഇതിനൊരു മികച്ച ഉദാഹരണമാണ്.

ആശിഷിന്റെ നിലവിലെ നിക്ഷേപ രീതി 15 വര്‍ഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ 2021-ലാണ് ആശിഷ് നിക്ഷേപം തുടങ്ങിയത്. നിലവില്‍ 13 മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളിലായി പ്രതിമാസം 13,200 രൂപയാണ് അദ്ദേഹം നിക്ഷേപിക്കുന്നത്. എന്നാല്‍, സ്വന്തമായി ചില പഠനങ്ങള്‍ നടത്തിയപ്പോഴാണ് താന്‍ ഒരേ തരത്തിലുള്ള ഫണ്ടുകളില്‍ അമിതമായി നിക്ഷേപിക്കുന്നുണ്ടെന്നും, ഇത് ചുരുക്കേണ്ടതുണ്ടെന്നും ആശിഷിന് മനസ്സിലായത്.

ഇതിനുപുറമെ, ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെയുള്ള ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കായി 3 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. മിതമായ റിസ്‌ക് മാത്രം എടുക്കാന്‍ തയ്യാറുള്ള ആശിഷിന് പ്രമുഖ സാമ്പത്തിക വിദഗ്ധനായ പങ്കജ് മത്പാല്‍ നല്‍കുന്ന ഉപദേശങ്ങള്‍ താഴെ പറയുന്നവയാണ്.

വിദഗ്‌ധോപദേശം: 3 ലക്ഷം രൂപയുടെ ഹ്രസ്വകാല നിക്ഷേപത്തിന് ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്കായി മുഴുവന്‍ തുകയും പ്യുവര്‍ ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് അപകടമാണെന്ന് പങ്കജ് മുന്നറിയിപ്പ് നല്‍കുന്നു. വിപണിയിലെ അസ്ഥിരത ഹ്രസ്വകാല നിക്ഷേപങ്ങളെ പെട്ടെന്ന് ബാധിച്ചേക്കാം. ഇതിന് പകരമായി താഴെ പറയുന്ന രീതിയില്‍ നിക്ഷേപം ക്രമീകരിക്കാം:

വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നിക്ഷേപം സ്വയം ക്രമീകരിക്കുന്ന ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. ഇതിനായി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ഡൈനാമിക് അസറ്റ് അലോക്കേഷന്‍ ആക്ടീവ് ഫണ്ട് ഓഫ് ഫണ്ട് പരിഗണിക്കാം.

ഇതിനൊപ്പം ആശിഷ് നിലവില്‍ നിക്ഷേപിക്കുന്ന പരാഗ് പരീഖ് ഫ്‌ലെക്‌സി ക്യാപ് ഫണ്ട്, ടാറ്റ ബിഎസ്ഇ സെന്‍സെക്‌സ് ഇന്‍ഡക്‌സ് ഫണ്ട് എന്നിവയിലും ഈ തുക വീതിച്ച് നിക്ഷേപിക്കാം. ഇത് നിക്ഷേപത്തിന് കൃത്യമായ ബാലന്‍സും നഷ്ടസാധ്യത കുറയ്ക്കാനും സഹായിക്കും.

ദീര്‍ഘകാല എസ്‌ഐപി : 13 ഫണ്ടുകള്‍ വേണ്ട, 6 മതി 13 ഫണ്ടുകള്‍ ഒരുമിച്ചു കൊണ്ടുപോകുന്നത് അനാവശ്യവും ബുദ്ധിമുട്ടേറിയതുമായ കാര്യമാണെന്ന് പങ്കജ് പറയുന്നു. ഫണ്ടുകളുടെ എണ്ണം കുറച്ച്, കൃത്യമായ വൈവിധ്യവല്‍ക്കരണം ഉറപ്പാക്കുകയാണ് വേണ്ടത്. ഇതിനായി ആശിഷിന്റെ നിലവിലെ ഫണ്ടുകളില്‍ നിന്ന് താഴെ പറയുന്ന 5 എണ്ണത്തില്‍ മാത്രം എസ്‌ഐപി തുടരാന്‍ അദ്ദേഹം നിര്‍ദേശിക്കുന്നു:

പരാഗ് പരീഖ് ഫ്‌ലെക്‌സി ക്യാപ് ഫണ്ട്

ടാറ്റ ബിഎസ്ഇ സെന്‍സെക്‌സ് ഇന്‍ഡക്‌സ് ഫണ്ട്

യുടിഐ നിഫ്റ്റി 50 ഇന്‍ഡക്‌സ് ഫണ്ട്

കോട്ടക് മിഡ്ക്യാപ് ഫണ്ട്

ഇന്‍വെസ്‌കോ ഇന്ത്യ ലാര്‍ജ് ആന്‍ഡ് മിഡ്ക്യാപ് ഫണ്ട് (പഴയ ഗ്രോത്ത് ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്)

സ്മാള്‍ ക്യാപ് ഫണ്ടിലെ മാറ്റം:

സ്മാള്‍ ക്യാപ് കാറ്റഗറിയില്‍ നിലവിലുള്ള 'ആക്‌സിസ് സ്മാള്‍ ക്യാപ് ഫണ്ടിലെ' എസ്‌ഐപി നിര്‍ത്തി, പകരം ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമായ ബന്ധന്‍ സ്മാള്‍ ക്യാപ് ഫണ്ടില്‍ പുതിയ എസ്‌ഐപി തുടങ്ങാനും അദ്ദേഹം നിര്‍ദേശിച്ചു.

ആശിഷിന്റെ 13 ഫണ്ടുകളുള്ള പോര്‍ട്ട്‌ഫോളിയോ ഇപ്പോള്‍ വെറും 6 ഫണ്ടുകളിലേക്ക് (5 പഴയതും 1 പുതിയതും) ചുരുങ്ങി. ഒറ്റത്തവണ നിക്ഷേപത്തിനായി നിര്‍ദേശിച്ച 3 ഫണ്ടുകളില്‍ രണ്ടെണ്ണവും അദ്ദേഹത്തിന്റെ എസ്‌ഐപി ലിസ്റ്റിലുള്ളവ തന്നെയാണ്. പോര്‍ട്ട്ഫോളിയോയിലെ അനാവശ്യ ഫണ്ടുകള്‍ ഒഴിവാക്കുക, കൃത്യമായ ഫണ്ടുകള്‍ തിരഞ്ഞെടുക്കുക, ഹ്രസ്വകാല-ദീര്‍ഘകാല ലക്ഷ്യങ്ങളെ വേര്‍തിരിച്ചുകാണുക എന്നീ അടിസ്ഥാന പാഠങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത്. നിക്ഷേപിച്ചു തുടങ്ങുന്ന ഏതൊരു ചെറുപ്പക്കാരനും ഈ തന്ത്രങ്ങള്‍ മാതൃകയാക്കാവുന്നതാണ്.

ശ്രദ്ധിക്കുക: ഈ ലേഖനത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ വായനക്കാരുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു നിക്ഷേപ ഉപദേശമായോ ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദ്ദേശമായോ കണക്കാക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപങ്ങള്‍ വിപണിയിലെ ലാഭനഷ്ടങ്ങള്‍ക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുന്‍പ് വായനക്കാര്‍ സ്വന്തം നിലയില്‍ പഠനം നടത്തുകയോ ഒരു അംഗീകൃത സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടുകയോ ചെയ്യേണ്ടതാണ്