മുംബൈ: കനത്ത നഷ്ടത്തെത്തുടർന്ന് ഇന്ത്യൻ ഓഹരിവിപണിയിൽ തൽക്കാലത്തേക്ക് വ്യാപാരം നിർത്തി വച്ചു. വിപണി മൂല്യം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ 45 മിനിറ്റ് നേരത്തേക്കാണ് വ്യാപാരം നിർത്തി വച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിയെ നേരിടാൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സെൻസെക്സും നിഫ്റ്റിയും പത്ത് ശതമാനം കുത്തനെ ഇടിഞ്ഞത്. 15 മിനിറ്റിൽ നിക്ഷേപകർക്ക് നഷ്ടം 8 ലക്ഷം കോടി രൂപയാണെന്നാണ് കണക്ക് കൂട്ടൽ. 

സെൻസെക്സ് 2307.16 പോയന്റ് ഇടിഞ്ഞ് 27,608-ലെത്തി. നിഫ്റ്റി, 842.45 പോയന്റ് ഇടിഞ്ഞ് 7903-ലെത്തി. ബാങ്കിംഗ്, ഓട്ടോമൊബൈൽ, സ്റ്റീൽ അടക്കമുള്ള വിപണികൾ എന്നിവയിലെ ഓഹരികൾ വലിയ രീതിയിൽ വിറ്റഴിക്കപ്പെട്ടു. 

കൊവിഡ് 19 അഥവാ കൊറോണ വൈറസിനെ നേരിടാനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൌണിന്റെ പശ്ചാത്തലത്തിലാണ് ഓഹരികൾ കുത്തനെ ഇടിഞ്ഞത്. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നിവയുടെ ഷെയറുകളുള്ള നിഫ്റ്റി ബാങ്ക് സൂചിക ഇടിഞ്ഞത് 8.54 ശതമാനമാണ്. ഫിനാൻഷ്യൽ മേഖലയാണ് നിഫ്റ്റിയുടെ 42 ശതമാനവും എന്നതാണ് ആശങ്ക കൂട്ടുന്നത്.

വിപണിയിൽ ഏറ്റവും നഷ്ടം നേരിട്ടത് ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക്, മാരുതി സുസുകി, അൾട്രാടെക് സിമന്റ്, ശ്രീ സിമന്റ്, ഐസിഐസിഐ എന്നീ ഓഹരികൾക്കാണ്. 

അതേസമയം, ഓഹരിയിൽ വിലയിടിയുമ്പോൾ പ്രൊമോട്ടർമാർ ഓഹരികൾ വാങ്ങിക്കൂട്ടുന്നതും കാണാനുണ്ട്. 17 കമ്പനികൾ ഇതിനകം ബൈബാക്ക് ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. സൺ ഫാർമ, ഡാൽമിയ ഭരത്, തോമസ് കുക്ക്, ഇമാമി, ഗ്രാന്യൂൾസ് ഇന്ത്യ തുടങ്ങിയ കമ്പനികൾ കൂടുതൽ തുക വാഗ്ദാനം ചെയ്താണ് റീട്ടെയ്ൽ നിക്ഷേപകരിൽ നിന്ന് ഓഹരികൾ തിരികെ വാങ്ങിക്കുന്നത്. ഓഹരിവിലകൾ അതിന്റെ പരമാവധി അടിത്തട്ടിലെത്തിയെന്നാണോ ഇത് സൂചിപ്പിക്കുന്നതെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ ബൈ ബാക്ക് ഓഫറുകൾ.

പല കമ്പനികളുടെയും ഡയറക്ടർമാരും പ്രൊമോട്ടർമാരും ഇത്തരത്തിൽ ഓഹരികൾ വാങ്ങി അവരുടെ വിഹിതം കൂട്ടിയിട്ടുണ്ട്. കുടുംബാധിപത്യമുള്ള കമ്പനികളായ ടാറ്റ, ബജാജ്, ഗോദ്റെജ് എന്നീ ഗ്രൂപ്പുകൾ വിവിധ കമ്പനികളുടെ ഓഹരികൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

ഇത്തരത്തിൽ പ്രൊമോട്ടർമാർ ഓഹരികൾ വാങ്ങുന്നത് വിപണിക്ക് ഗുണം ചെയ്യുമെന്ന് അതേസമയം വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. വിൽപനയില്ലാതെ തകർന്നടിയുന്ന ഓഹരി വിപണിയെ ഇത് സഹായിച്ചേക്കാമെന്നാണ് വിദഗ്ധപക്ഷം.

മികച്ച അടിസ്ഥാനമുള്ള കമ്പനികളേതെന്ന് കണ്ടെത്തണോ? അതിനും ഈ സമയം സഹായകമാണ്. നല്ല അടിസ്ഥാനമില്ലാത്ത കമ്പനികളാണെങ്കിൽ ഈ സമയത്ത് ഓഹരി വിറ്റൊഴിക്കാനാകും പ്രൊമോട്ടർമാർ ശ്രമിക്കുക.