'താരിഫിന്‍റെ കാര്യത്തില്‍ ഞങ്ങളുടെ ജനങ്ങള്‍ക്ക് ബാധ്യത ഒന്നുമില്ല, ചൈനയാണ് പണം മുടക്കുന്നത്, അവര്‍ക്ക് വേണ്ടി ആ കമ്പനികളാണ് മുടക്കുന്നത്.' യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 

ന്യൂയോര്‍ക്ക്: അമേരിക്കയുടെ താരിഫ് വര്‍ധന മൂലമുളള ആഘാതത്തില്‍ നിന്ന് സമ്പദ്‍ഘടനയെ രക്ഷിക്കാന്‍ ചൈന അധികമായി പണമിറക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ദിവസം മുമ്പാണ് വ്യാപാര യുദ്ധത്തിന് പരിഹാരം കാണാനുളള ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാനുളള തീരുമാനം ഇരുരാജ്യങ്ങളും ചേര്‍ന്ന് കൈക്കൊണ്ടത്. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ പ്രതികരണം എത്തുന്നത്. ജപ്പാനില്‍ നടന്ന ജി -20 ഉച്ചകോടിയുടെ ഭാഗമായുണ്ടായ ട്രംപ് - ഷി ജിന് പിങ് കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുളള വ്യാപാര യുദ്ധത്തിന് ശമനമുണ്ടാകുമെന്നതിന്‍റെ സൂചനകള്‍ ഉണ്ടായിരുന്നു. 

എന്നാല്‍, ഇതിനെ അട്ടിമറിക്കുന്ന തരത്തിലാണ് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്ന് ഇപ്പോള്‍ പ്രസ്താവന ഉണ്ടായിരിക്കുന്നത്. അമേരിക്കയുമായി നടക്കുന്ന താരിഫ് യുദ്ധത്തില്‍ ചൈനീസ് സര്‍‍ക്കാര്‍ ആഘാതങ്ങള്‍ തടയാനായി കാര്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് പറഞ്ഞു. 'താരിഫിന്‍റെ കാര്യത്തില്‍ ഞങ്ങളുടെ ജനങ്ങള്‍ക്ക് ബാധ്യത ഒന്നുമില്ല, ചൈനയാണ് പണം മുടക്കുന്നത്, അവര്‍ക്ക് വേണ്ടി ആ കമ്പനികളാണ് മുടക്കുന്നത്.' യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 

ചൈന അവരുടെ നാണയത്തിന്‍റെ മൂല്യ കാര്യമായി കുറച്ചു. അവര്‍ വളരെ വലിയ അളവില്‍ സമ്പദ്‍ഘടനയിലേക്ക് പണം ഇറക്കി. അവര്‍ പണം ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. അത് കള്ളപ്പണമാണ്, പക്ഷേ അത് പണമാണ്. താരിഫുകള്‍ മൂലമുളള പ്രശ്നങ്ങളില്‍ നിന്ന് രക്ഷപെടാന്‍ അവര്‍ സമ്പദ്‍വ്യവസ്ഥയിലേക്ക് പണം ഒഴുക്കുകയാണ്.