ഇന്ത്യന്‍ രത്‌ന, ആഭരണ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക.

മേരിക്ക ഇറക്കുമതി തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയതോടെ ഇന്ത്യന്‍ രത്‌ന-ആഭരണ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്കെന്ന് വിലയിരുത്തല്‍ . അമേരിക്കന്‍ വിപണിയിലേക്കുള്ള കയറ്റുമതി നിലനിര്‍ത്താന്‍, ഉത്പാദന കേന്ദ്രങ്ങള്‍ യുഎഇ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറ്റാന്‍ ആലോചിക്കുകയാണ് ഇന്ത്യന്‍ കമ്പനികള്‍. ഇന്ത്യന്‍ രത്‌ന, ആഭരണ കയറ്റുമതിയുടെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 10 ബില്യണ്‍ ഡോളറിന്റെ പോളിഷ് ചെയ്ത വജ്രങ്ങളും ആഭരണങ്ങളുമാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. നേരത്തെ 25% ആയിരുന്ന ഇറക്കുമതി തീരുവ 50% ആയി വര്‍ധിച്ചതോടെ, നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് ജം & ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ പറഞ്ഞു.

പുതിയ വഴികള്‍ തേടി:

കയറ്റുമതി നിലനിര്‍ത്തുന്നതിനായി ഇന്ത്യ ഇപ്പോള്‍ കുറഞ്ഞ ഇറക്കുമതി തീരുവയുള്ള രാജ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഇതില്‍ ഏറ്റവും ആകര്‍ഷകമായ രാജ്യങ്ങള്‍ യുഎഇയും മെക്‌സിക്കോയുമാണ്.

യുഎഇ: അമേരിക്കയിലേക്ക് 10% മാത്രം തീരുവയുള്ള യുഎഇ, ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏറ്റവും അടുത്തുള്ളതും ആകര്‍ഷകവുമായ സ്ഥലമാണ്.

മെക്‌സിക്കോ: മെക്‌സിക്കോയ്ക്ക് 25% തീരുവ മാത്രമാണുള്ളത്. ആവശ്യമെങ്കില്‍ മുത്തുള്ള ആഭരണങ്ങള്‍ മെക്‌സിക്കോ വഴി കയറ്റുമതി ചെയ്യാന്‍ ആലോചന

ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ ടൈറ്റന്‍ കമ്പനി പോലും ഉത്പാദന കേന്ദ്രങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുംബൈയില്‍ മാത്രം 200 കയറ്റുമതി യൂണിറ്റുകളും ഒരു ലക്ഷത്തോളം തൊഴിലാളികളുമുണ്ട്. പുതിയ ഓര്‍ഡറുകള്‍ ഇല്ലാത്തതും, ഉത്പാദനം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റുന്നതും തൊഴില്‍ മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യവസായ ലോകം. ഓഗസ്റ്റ് 7-ന് മുന്‍പ് ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അയച്ചിരിക്കുന്നത്. പുതിയ ഓര്‍ഡറുകളൊന്നും നിലവില്‍ അമേരിക്കയില്‍ നിന്ന് ലഭിക്കുന്നില്ല.