55 വയസ്സിന് മുകളിലുള്ള വിദേശികള്‍ക്ക്, ജോലിയില്ലാതെ തന്നെ യുഎഇയില്‍ ദീര്‍ഘകാലം താമസിക്കാന്‍ അവസരം നല്‍കുന്ന ഈ വിസയുടെ നിബന്ധനകളും ചെലവുകളും അറിയാം
പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ക്കായി യുഎഇ പ്രഖ്യാപിച്ച 5 വര്‍ഷത്തെ റിട്ടയര്‍മെന്റ് വിസ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് വലിയ ആശ്വാസമാകുന്നു. 55 വയസ്സിന് മുകളിലുള്ള വിദേശികള്‍ക്ക്, ജോലിയില്ലാതെ തന്നെ യുഎഇയില്‍ ദീര്‍ഘകാലം താമസിക്കാന്‍ അവസരം നല്‍കുന്ന ഈ വിസയുടെ നിബന്ധനകളും ചെലവുകളും അറിയാം.
ആരാണ് അര്‍ഹര്‍?
റിട്ടയര്‍മെന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് താഴെ പറയുന്ന മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാണ്:
- പ്രായപരിധി: അപേക്ഷകര്‍ക്ക് കുറഞ്ഞത് 55 വയസ്സ് തികഞ്ഞിരിക്കണം.
- തൊഴില്‍ പരിചയം: യുഎഇയിലോ മറ്റ് രാജ്യങ്ങളിലോ ആയി 15 വര്‍ഷത്തെ തൊഴില്‍ പരിചയം ഉണ്ടായിരിക്കണം.
- ഈ മാനദണ്ഡങ്ങള്‍ക്കൊപ്പം, താഴെ പറയുന്ന മൂന്ന് സാമ്പത്തിക നിബന്ധനകളില്‍ ഒന്നില്‍ യോഗ്യത നേടണം:
- സ്ഥിര നിക്ഷേപം / സേവിംഗ്‌സ്: ഈ നിബന്ധനയുടെ തുക 10 ലക്ഷം ദിര്‍ഹമാണ് (ഏകദേശം 2.25 കോടി).
- സ്വത്തിന്റെ മൂല്യം: 10 ലക്ഷം ദിര്‍ഹം ഉണ്ടായിരിക്കണം
- പ്രതിമാസ വരുമാനം: 20,000 ദിര്‍ഹം . ദുബായില്‍ ഇത് 15,000 ദിര്‍ഹമാണ്
വിസയ്ക്കുള്ള ഏകദേശ ചെലവ്
വിവിധ ഇനങ്ങളുടെ ഏകദേശ ഫീസ് താഴെ നല്‍കുന്നു:
- വിസ ഫീസ് ഏകദേശം 2,256.75 ദിര്‍ഹം ആണ്.
- എമിറേറ്റ്‌സ് ഐഡിക്ക് ഏകദേശം 653 ദിര്‍ഹം ചെലവ് വരും.
- മെഡിക്കല്‍ പരിശോധനയ്ക്ക് (ഇത് നിര്‍ബന്ധമാണ്) ഏകദേശം 700 ദിര്‍ഹം ആണ് ചെലവ്.
- മറ്റ് സര്‍ക്കാര്‍ പ്രോസസ്സിങ് ഫീസുകള്‍ ഏകദേശം 2,020 ദിര്‍ഹം ആണ് ആകെ ഏകദേശ ചെലവ് അപേക്ഷകനും പ്രോസസ്സിങ്ങിനും അനുസരിച്ച് 2,300 മുതല്‍ 3,800 ദിര്‍ഹം വരെയാണ്.
ഈ തുകയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടുന്നില്ല. പ്രായം, തിരഞ്ഞെടുക്കുന്ന സേവനദാതാവ് എന്നിവ അനുസരിച്ച് ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ വ്യത്യാസം വരും.
വിസയുടെ പ്രധാന ഗുണങ്ങള്‍
കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം: വിസ ലഭിക്കുന്നവര്‍ക്ക് സ്വന്തം പങ്കാളിയെയും ആശ്രിതരായ കുട്ടികളെയും ഇതേ വിസയില്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും.
ആരോഗ്യ സേവനങ്ങള്‍: യുഎഇയിലെ ആരോഗ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ അനുമതി ലഭിക്കും.
യാത്രാ സ്വാതന്ത്ര്യം: വിസ കാലാവധിക്കുള്ളില്‍ യുഎഇയിലേക്ക് യാത്ര ചെയ്യാനും പുറത്തുപോകാനും നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.
യുഎഇയില്‍ ദീര്‍ഘകാലം താമസിക്കാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് അവരുടെ പ്രവാസ ജീവിതത്തിന് സുസ്ഥിരമായ ഒരു തുടര്‍ച്ച നല്‍കാന്‍ ഈ റിട്ടയര്‍മെന്റ് വിസ സഹായകമാകും.


