ഫെബ്രുവരി 26 ന് ട്വിറ്ററിലെ യുക്രൈന്റെ ഔദ്യോഗിക ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റ് ഇതിന് അടിവരയിടുന്നതാണ്. ഞങ്ങൾ ക്രിപ്റ്റോ കറൻസി വഴി സംഭാവനകൾ സ്വീകരിക്കുകയാണ്
കീവ്: റഷ്യൻ ആക്രമണം വലിയ നാശനഷ്ടങ്ങളാണ് യുക്രൈനിലുണ്ടാക്കിയിരിക്കുന്നത്. പല വഴിക്ക് നിന്നും സഹായമെത്തുന്നുണ്ടെങ്കിലും യുക്രൈനെന്ന രാജ്യം അനിവാര്യമായ ഒരു സാമ്പത്തിക പ്രതിസന്ധിയെക്കൂടി മുന്നിൽ കാണുന്നു. പ്രതിസന്ധി മറികടക്കാൻ ക്രിപ്റ്റോകറൻസി അടക്കമുള്ള വഴികൾ കൂടി ധനസമാഹരണത്തിനായി ഉപയോഗിക്കുകയാണ് യുക്രൈൻ.
ഫെബ്രുവരി 26 ന് ട്വിറ്ററിലെ യുക്രൈന്റെ ഔദ്യോഗിക ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റ് ഇതിന് അടിവരയിടുന്നതാണ്. ഞങ്ങൾ ക്രിപ്റ്റോ കറൻസി വഴി സംഭാവനകൾ സ്വീകരിക്കുകയാണ്. ബിറ്റ് കോയിനും എഥേറിയവും സംഭാവന ചെയ്യാം.പണമയക്കാനുള്ള വാലറ്റ് അഡ്രസും കൂടെ ചേർത്തു. അക്കൗണ്ട് റഷ്യൻ ഹാക്കർമാർ കൈക്കലാക്കിയോ എന്നായിരുന്നു ആദ്യം സംശയിച്ചതെങ്കിലും വൈകാതെ അത് മാറി. ശരിക്കും യുക്രൈൻ ക്രിപ്റ്റോ സംഭാവനകൾ സ്വീകരിക്കുകയാണ്.
യുക്രൈന്റെ ഉപപ്രധാനമന്ത്രിയും ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വകുപ്പിന്റെ ചുമതലക്കാരനുമായ മിഖായിലോ ഫെദറോവും ഇതേ ക്രിപ്റ്റോ വാലറ്റ് വിവരങ്ങൾ ട്വീറ്റ് ചെയ്തതോടെ സംഭാവനകൾ ഒഴുകി. രണ്ട് ദിവസം കൊണ്ട് 47 കോടി ഡോളറിന് മേൽ വില മതിക്കുന്ന ബിറ്റ് കോയിനും അത്രയും തന്നെ മൂല്യമുള്ള എഥേറിയവും സംഭാവന ചെയ്യപ്പെട്ടു. കൂടുതൽ ക്രിപ്റ്റോ കറൻസികൾ യുക്രൈനിപ്പോൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
സാധാരണക്കാർക്ക് നേരിട്ട് തന്നെ സംഭാവന ചെയ്യാമെന്നതും, സംഭാവന നൽകുന്നതിന് മറ്റ് ബാങ്കുകളെ ആശ്രയിക്കേണ്ടെന്നതുമാണ് ക്രിപ്റ്റോയുടെ മെച്ചം. ഡാർക്ക് വെബ്ബിൽ ആയുധക്കച്ചവടങ്ങൾക്കും, മയക്കുമരുന്ന് വ്യാപാരത്തിനും ഉപയോഗിക്കുന്നുവെന്ന ചീത്തപ്പേരിൽ നിന്ന് ഒരു രാജ്യം സ്വയം ക്രിപ്റ്റോ സംഭാവകൾ സ്വീകരിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയെന്നതാണ് കൗതുകം. ബാങ്കിംഗ് സേവനങ്ങളടക്കം തടസപ്പെട്ട യുദ്ധകാലത്ത് യുക്രൈൻ പൗരൻമാരും വ്യാപകമായി ക്രിപ്റ്റോ ഇടപാടുകൾ നടത്തുന്നുവെന്നാണ് റിപ്പോർട്ട്.
