യുദ്ധകാല നികുതി വർധനയുമായി ഉക്രെയ്ൻ; ലക്ഷ്യം ഇതാണ്
യുദ്ധത്തെത്തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കം വലയ്ക്കാന്‍ തുടങ്ങിയപ്പോള്‍ നികുതി കൂട്ടിയിരിക്കുകയാണ് ഉക്രെയ്ന്‍.
രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം തീര്‍ച്ചയായും ആ നാടുകളിലെ ജനങ്ങളെ വലയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ജീവിതത്തിന്‍റെ നാനാതുറകളെ യുദ്ധം ബാധിക്കും. കഴിഞ്ഞ 34 മാസമായി തുടരുന്ന റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തിന്‍റെ കാര്യം അപ്പോള്‍ പറയാനുണ്ടോ.. യുദ്ധത്തെത്തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കം വലയ്ക്കാന്‍ തുടങ്ങിയപ്പോള്‍ നികുതി കൂട്ടിയിരിക്കുകയാണ് ഉക്രെയ്ന്‍. ഏറെക്കാലമായി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് യുക്രെയ്ന് സഹായം ലഭിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും, ഉക്രെയ്ന്‍റെ അവസ്ഥ കൂടുതല്‍ വഷളായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യുദ്ധനികുതി വര്‍ധിപ്പിക്കാന്‍ രാജ്യം തീരുമാനിച്ചിരിക്കുന്നത്. യുദ്ധനികുതി 1.5 ശതമാനത്തില്‍ നിന്ന് 5 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടൊപ്പം ആയിരക്കണക്കിന് വ്യക്തിഗത സംരംഭകര്‍ക്കും ചെറുകിട ബിസിനസുകാര്‍ക്കും ഈ നികുതി നടപ്പാക്കിയിട്ടുണ്ട്.
വരും വര്‍ഷത്തിലും രാജ്യത്തിന്‍റെ പ്രതിരോധ മേഖലയ്ക്ക് ധനസഹായം ഉറപ്പാക്കേണ്ടത് ആവശ്യമാണെന്ന് ഉക്രെയ്ന്‍ ധനമന്ത്രി സെര്‍ഹി മാര്‍ചെങ്കോ പറഞ്ഞു. ഡിസംബര്‍ 1 മുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരും. വാണിജ്യ ബാങ്കുകളുടെ ലാഭത്തിന് 50 ശതമാനം നികുതി ചുമത്തുകയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ ലാഭത്തിന്‍റെ നികുതി 25 ശതമാനമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഉക്രെയ്നിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി അടുത്ത വര്‍ഷം ഏകദേശം 140 ബില്യണ്‍ ഹ്രീവ്നിയ (2.7 ബില്യണ്‍ പൗണ്ട്) അധിക വരുമാനം ഉണ്ടാക്കാനാണ് നടപടികളിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്ത് ദാരിദ്ര്യം വര്‍ദ്ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നികുതി വര്‍ധന. അതിര്‍ത്തിയോട് ചേര്‍ന്നുള്ള 1,000 കിലോമീറ്റര്‍ പ്രദേശത്തെ കനത്ത പോരാട്ടം മൂലം സമ്പദ്വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്.
ഉക്രെയ്നിന്‍റെ സൈനിക ചെലവ് ദേശീയ ബജറ്റിന്‍റെ പകുതിയോളം വരും, അടുത്ത വര്‍ഷത്തെ പ്രതിരോധ ബജറ്റ് ഏകദേശം 2.2 ട്രില്യണ്‍ ഹ്രീവ്നിയയാണ്. സൈനികരുടെ ശമ്പളത്തിനും ആയുധ ഉല്‍പ്പാദനത്തിനുമായി രാജ്യത്തെ ആഭ്യന്തര വരുമാനത്തെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ സാമൂഹികമായ ചെലവുകള്‍ക്ക് പാശ്ചാത്യ സഖ്യകക്ഷികളില്‍ നിന്നുള്ള സാമ്പത്തിക സഹായത്തെയാണ് ആശ്രയിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ബജറ്റ് കമ്മി 2025 ല്‍ ജിഡിപിയുടെ ഏകദേശം 19.4 ശതമാനമാകുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍.