ദില്ലി: രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്‍റെ ബജറ്റിന് പാര്‍ലമെന്‍റിന്‍റെ അംഗീകാരം. ലോക്സഭയില്‍ കഴിഞ്ഞ ആഴ്ച പാസാക്കിയ ധന ബില്ലും ധനവിനിയോഗ ബില്ലും രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് ശേഷം തിരിച്ചയച്ചു. പുതിയ ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാന്‍ നികുതി നിര്‍ദ്ദേശങ്ങള്‍ സഹായകരമായിരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

നികുതി നിര്‍ദ്ദേശങ്ങളിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ധനസമാഹരണം നേടിയെടുക്കാന്‍ കഴിയുമെന്ന് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്തിന്‍റെ നാണ്യപ്പെരുപ്പം തീരെ കുറവായതിനാല്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ നികുതി ചുമത്തിയാലും വിലക്കയറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി അവകാശപ്പെട്ടു. 

കാശ്മീര്‍ പ്രശ്നത്തില്‍ അമേരിക്കന്‍ പ്രഡിസന്‍റ് ഡെണാള്‍ഡ് ട്രംപിന്‍റെ ഇടപെടല്‍ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നു.