Asianet News MalayalamAsianet News Malayalam

ഇത്തവണ 'ബഹി ഖാത'യില്ല, പെട്ടിയുമല്ല, നിർമല സീതാരാമൻ ബജറ്റ് പ്രസംഗം കൊണ്ടു വന്നത് ടാബ്‍ലറ്റിൽ

പേപ്പർരഹിത ബജറ്റാണ് ഇത്തവണ. എംപിമാർക്ക് ബജറ്റ് പ്രസംഗത്തിന്‍റെ കോപ്പി ഇത്തവണ വിതരണം ചെയ്യില്ല. പകരം സോഫ്റ്റ് കോപ്പികളാണ് വിതരണം ചെയ്യുക. കാരണം കൊവിഡ് പ്രോട്ടോക്കോൾ തന്നെ. 

union budget 2021 live updates speech to be distributed as paperless
Author
New Delhi, First Published Feb 1, 2021, 9:50 AM IST

ദില്ലി: കൊവിഡെന്ന മഹാമാരിയിൽ തകർന്നടിഞ്ഞ സാമ്പത്തികരംഗത്തിന് വാക്സീനാകുമോ നിർമലാ സീതാരാമന്‍റെ ബജറ്റെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ബജറ്റ് പ്രസംഗം കൊണ്ടുവരുന്നതിൽ പല മാറ്റങ്ങളും പരീക്ഷിച്ച മന്ത്രിയാണ് നിർമലാ സീതാരാമൻ. കഴിഞ്ഞ വർഷങ്ങളിൽ മുൻഗാമികൾ ചെയ്യാറുള്ളത് പോലെ പെട്ടിയിൽ ബജറ്റ് പ്രസംഗം കൊണ്ടുവരുന്ന പതിവുപേക്ഷിച്ച് 'ബഹി ഖാത' എന്ന് പേരുള്ള പട്ടുതുണിയിൽ ബജറ്റ് പ്രസംഗം കൊണ്ടുവന്നു അവർ. ഇത്തവണയും അതുപോലെത്തന്നെയാകും അവർ ബജറ്റ് പ്രസംഗം കൊണ്ടുവരികയെന്നാണ് എല്ലാവരും കരുതിയിരുന്നതെങ്കിലും, രാഷ്ട്രപതിയെ കാണാനെത്തിയപ്പോൾ മാധ്യമപ്രവർത്തകർ ആദ്യം ഒന്നമ്പരന്നു. അവരുടെ കയ്യിലുള്ളത്, തീരെച്ചെറിയ ഒരു പൊതിയാണ്. ഒരു ഫയലിന്‍റെ വലിപ്പം മാത്രമുള്ള പൊതി.

പിന്നീടാണ് മനസ്സിലായത്, ഇത്തവണ ബജറ്റ് പ്രസംഗം പേപ്പറിലല്ല. ടാബ്‍ലറ്റിലാണ്. പേപ്പർരഹിത ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. എംപിമാർക്ക് ബജറ്റ് പ്രസംഗത്തിന്‍റെ കോപ്പി ഇത്തവണ വിതരണം ചെയ്യില്ല. പകരം സോഫ്റ്റ് കോപ്പികളാണ് വിതരണം ചെയ്യുക. കാരണം കൊവിഡ് പ്രോട്ടോക്കോൾ തന്നെ. യൂണിയൻ ബജറ്റ് എന്ന എൻഐസിയുടെ ഒരു ആപ്ലിക്കേഷനും പ്ലേ സ്റ്റോറിൽ തയ്യാറാണ്. ബജറ്റ് അവതരണത്തിന് ശേഷം ബജറ്റ് രേഖകൾ ഈ ആപ്ലിക്കേഷനിൽ ലഭ്യമാകും.

രാജ്യത്തെ വ്യാപാരികൾ പണ്ട് കാലം മുതൽ ഉപയോഗിച്ചിരുന്ന കണക്കെഴുത്തു പുസ്കകമാണ് ബഹി ഖാത. ഉത്തരേന്ത്യയിലെ ചില ട്രഡീഷണൽ ട്രേഡേഴ്‍സ് കടകളിൽ നമ്മൾ കാണാറുള്ള അതേ പുസ്തകം തന്നെ. പെട്ടിയിൽ നിന്ന് ബഹി ഖാതയിലേക്ക്. അവിടെ നിന്ന് ടാബ്‍ലറ്റിലേക്ക്. ആ ടാബ്‍ലറ്റിൽ നമ്മുടെയെല്ലാം ജീവിതങ്ങളെ നേരിട്ട് ബാധിക്കുന്ന എന്ത് പ്രഖ്യാപനങ്ങളുണ്ടാകും? 

Read more at: എന്താണ് ബഹി ഖാത? പെട്ടിയിൽ നിന്ന് ചുവന്ന പട്ടിലേക്ക്

Follow Us:
Download App:
  • android
  • ios