അമേരിക്കയിൽ ആരോഗ്യകരമായ മധുരം എന്ന നിലയിൽ തേനിന്റെ ഉപയോഗം കുതിച്ചുയരുകയാണ്. എന്നാൽ, ചെറുപ്രാണികളുടെ ആക്രമണവും പരാഗണത്തിന് തേനീച്ചകളെ ഉപയോഗിക്കുന്നത് വർധിച്ചതും കാരണം ആഭ്യന്തര ഉത്പാദനം റെക്കോർഡ് താഴ്ചയിലാണ്. ഈ സാഹചര്യം ഇന്ത്യയടക്കമുള്ള തേൻ കയറ്റുമതി രാജ്യങ്ങൾക്ക് അമേരിക്കൻ വിപണിയിൽ വലിയ അവസരങ്ങൾ തുറന്നുനൽകുന്നു.

പ്രഭാതഭക്ഷണത്തിലെ പാന്‍കേക്ക് മുതല്‍ സകല ഭക്ഷ്യവിഭവങ്ങളിലും മധുരത്തിന് തേന്‍ മാത്രം. മധുരമെന്നാല്‍ പഞ്ചസാരയും കൃത്രിമ സിറപ്പുകളുമെന്ന ചിന്തയൊക്കെ അമേരിക്കക്കാര്‍ പൂര്‍ണമായും മാറ്റിവച്ചിരിക്കുകയാണ്. ആരോഗ്യത്തെക്കുറിച്ചുള്ള ബോധ്യം കൂടിയതോടെയാണ് അമേരിക്കക്കാരുടെ തീന്‍മേശകളില്‍ തേന്‍ ഇത്രയധികം താരമായി മാറിയത്. അമേരിക്കക്കാര്‍ മുമ്പെന്നത്തേക്കാളും കൂടുതലായി ഇപ്പോള്‍ തേന്‍ ഉപയോഗിക്കുന്നതാണ് ഇന്ത്യയടക്കമുള്ള തേന്‍ ഉല്‍പാദക രാഷ്ട്രങ്ങള്‍ക്ക് ഗുണകരമാകുന്നത്. കണക്കുകള്‍ പ്രകാരം, മാര്‍ച്ചില്‍ അവസാനിച്ച 12 മാസങ്ങളില്‍ അമേരിക്കക്കാര്‍ 1.6 ബില്യണ്‍ ഡോളറിന്റെ തേനാണ് വാങ്ങിക്കൂട്ടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10% വര്‍ധനവാണിത്. കൃത്രിമ മധുരങ്ങളില്‍ നിന്നും (പ്രത്യേകിച്ച് ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പ്) മാറി, കൂടുതല്‍ ആരോഗ്യകരമായ ഭക്ഷണരീതികളിലേക്കുള്ള ജനങ്ങളുടെ ചുവടുമാറ്റമാണ് ഇതിന് പ്രധാന കാരണം. തേനില്‍ ആന്റിഓക്സിഡന്റുകള്‍ ഉണ്ടെന്നും അലര്‍ജിക്ക് പ്രതിവിധിയാണെന്നുമുള്ള ചിന്തകള്‍ റെസ്റ്റോറന്റുകളെയും പാചകക്കാരെയും തേന്‍ കൂടുതലായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നു.

ഉല്‍പ്പാദനം കൂപ്പുകുത്തുന്നു; വില്ലനായി ചെറുപ്രാണികള്‍

തേനിന് ഡിമാന്‍ഡ് കുതിച്ചുയരുമ്പോഴും അമേരിക്കയിലെ ഉല്‍പ്പാദനം എക്കാലത്തെയും താഴ്ന്ന നിരക്കിലാണ്. 1987 മുതലുള്ള യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ ഡാറ്റ പ്രകാരമാണിത്. തേനീച്ചകളെ ആക്രമിക്കുന്ന 'വറോവ ഡിസ്ട്രക്റ്റര്‍' എന്ന പ്രാണികളാണ് പ്രധാന വില്ലന്‍. എണ്‍പതുകളുടെ അവസാനത്തോടെയാണ് ഇവ അമേരിക്കയില്‍ വ്യാപകമായത്. കീടനാശിനികളെ അതിജീവിക്കാന്‍ ശേഷി നേടിയ ഇവയുടെ ആക്രമണം കാരണം, 2024 ജൂണ്‍ മുതല്‍ 2025 ജനുവരി വരെയുള്ള കാലയളവില്‍ അമേരിക്കയിലെ 60 ശതമാനത്തിലധികം തേനീച്ച കോളനികളാണ് നശിച്ചു പോയത്.

കൂടാതെ, കര്‍ഷകര്‍ക്ക് ഇപ്പോള്‍ തേന്‍ ഉല്‍പ്പാദിപ്പിക്കുന്നതിനേക്കാള്‍ ലാഭകരം തേനീച്ചകളെ കാര്‍ഷിക വിളകളുടെ പരാഗണത്തിനായി ഉപയോഗിക്കുന്നതാണ്. പരാഗണത്തിന് ശേഷം കോളനികള്‍ വിഭജിക്കപ്പെടുമ്പോള്‍ തേനീച്ചകളുടെ എണ്ണം വര്‍ധിക്കുമെങ്കിലും, കോളനികളുടെ കരുത്ത് കുറയുന്നതിനാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന തേനിന്റെ അളവ് ഗണ്യമായി കുറയുന്നു. വിപണിയില്‍ ഉപഭോക്താക്കള്‍ ഒരു പൗണ്ട് തേനിന് 10 മുതല്‍ 20 ഡോളര്‍ വരെ നല്‍കുമ്പോള്‍, കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ശരാശരി 2 ഡോളറില്‍ താഴെ മാത്രമാണ്. കഴിഞ്ഞ വര്‍ഷം തേനീച്ച കര്‍ഷകരുടെ വരുമാനത്തിന്റെ 20 ശതമാനത്തില്‍ താഴെ മാത്രമാണ് തേന്‍ ഉല്‍പ്പാദനത്തില്‍ നിന്നും ലഭിച്ചത്.

രക്ഷകരായി ഇന്ത്യയും മറ്റ് രാജ്യങ്ങളും

ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞതോടെ വിപണിയിലെ ഈ വലിയ വിടവ് നികത്താന്‍ അമേരിക്ക വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇന്ത്യ, അര്‍ജന്റീന, ബ്രസീല്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് അമേരിക്കയിലേക്ക് ഏറ്റവുമധികം തേന്‍ കയറ്റുമതി ചെയ്യുന്നത്. വില പിടിച്ചുനിര്‍ത്താന്‍ ഈ ഇറക്കുമതി സഹായിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്കും പരാതിയില്ല.

പ്രതിവര്‍ഷം 5 മുതല്‍ 6 ദശലക്ഷം പൗണ്ട് വരെ തേന്‍ ഉല്‍പ്പാദിപ്പിക്കുന്ന, അമേരിക്കയിലെ ഏറ്റവും വലിയ തേനീച്ച വളര്‍ത്തല്‍ കമ്പനിയായി മാറിയ 'സ്വീറ്റ് ഹാര്‍വെസ്റ്റ് ഫുഡ്‌സ്' പോലുമുള്ള വമ്പന്മാര്‍ക്കും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നുവെന്നതാണ് യാഥാര്‍ഥ്യം. 'മൈക്ക്‌സ് ഹോട്ട് ഹണി' എന്ന പ്രമുഖ കമ്പനിയും അമേരിക്കയ്ക്ക് പുറമെ അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് തേന്‍ ഇറക്കുമതി ചെയ്യുന്നത്. തേന്‍ ഒരിക്കലും കേടാവില്ല എന്ന പ്രത്യേകതയുള്ളതിനാല്‍, വില കുറവുള്ള സമയത്ത് കൂടുതല്‍ വാങ്ങി സംഭരിക്കുകയാണ് ഈ കമ്പനികള്‍ ചെയ്യുന്നത്.

വിപണിയില്‍ തരംഗമായി തേന്‍ വിഭവങ്ങള്‍

കഴിഞ്ഞ വര്‍ഷം പ്രമുഖ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം 'ബീഅപ്പ്' എന്ന പേരില്‍ തേന്‍ ചേര്‍ത്ത ഫ്രൂട്ട് സ്‌നാക്‌സുകള്‍ വിപണിയിലിറക്കിയിരുന്നു. അതുപോലെ, ഓട്ടക്കാര്‍ക്ക് പെട്ടെന്ന് ഊര്‍ജ്ജം ലഭിക്കാന്‍ കൊളറാഡോ ആസ്ഥാനമായുള്ള 'ലോക്കല്‍ ഹൈവ്' സിംഗിൾ ടൈം യൂസിനുള്ള തേന്‍ പാക്കറ്റുകളും പുറത്തിറക്കി.

എരിവും മധുരവും കലര്‍ന്ന 'ഹോട്ട് ഹണി'

എരിവുള്ള തേന്‍ ഇനങ്ങളും ഇപ്പോള്‍ വിപണിയില്‍ ഹിറ്റാണ്. മക്‌ഡൊണാള്‍ഡ്സ് ഈ വര്‍ഷമാദ്യം തങ്ങളുടെ മെനുവില്‍ ഹോട്ട് ഹണി ഉള്‍പ്പെടുത്തിയിരുന്നു. ഐന്‍സ്റ്റീന്‍ ബ്രോസിന്റെ ക്രീം ചീസിലും സ്മിത്ത്ഫീല്‍ഡിന്റെ സ്‌മോക്ഡ് ബേക്കണിലുമെല്ലാം ഹോട്ട് ഹണി ഇടംപിടിച്ചിട്ടുണ്ട്. 2026-ന്റെ ആദ്യ പാദത്തില്‍, റെസ്റ്റോറന്റ് മെനുകളില്‍ 12 ശതമാനത്തോളം ഹോട്ട് ഹണി ഇടംപിടിച്ചുവെന്ന് ഗവേഷണ സ്ഥാപനമായ ഡാറ്റാസെന്‍ഷ്യല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021-ലെ കണക്കുകളേക്കാള്‍ മൂന്നിരട്ടിയാണിത്.