ദില്ലി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾക്ക് തടസം സൃഷ്ടിക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന
പദ്ധതിയായ മേക്ക് ഇൻ ഇന്ത്യയാണെന്ന് ഡൊണാൾഡ് ട്രംപിന്റെ ഉദ്യോഗസ്ഥർ. ഇന്ത്യയിലെ വ്യാപാര നിബന്ധനകളുടെ മുകളിൽ ഇനിയും ആശങ്കകൾ ഒഴിഞ്ഞിട്ടില്ലെന്നാണ് ഇവർ വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യയും ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയും തമ്മിൽ ചെറിയ ഒരു വ്യാപാര കരാറെങ്കിലും യാഥാർത്ഥ്യമാക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്.

വ്യാപാര ചർച്ചകൾ മുന്നോട്ട് പോകുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ ആഭ്യന്തര ഉൽപ്പാദനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയിലെ നികുതി നിർദ്ദേശങ്ങളാണ് അമേരിക്കയുടെ താത്പര്യങ്ങൾക്ക് തടസമായത്. ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യോപകരണങ്ങൾക്കും കളിപ്പാട്ടങ്ങൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമെല്ലാം നികുതി വർധിപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ആഭ്യന്തര ഉൽപ്പന്നങ്ങൾക്ക് ഇവിടെ തന്നെ വിപണി ഉറപ്പാക്കുക, ജിഡിപി ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിൽ ഉണ്ടായിരുന്നത്.

ഈ തീരുമാനം അക്ഷരാർത്ഥത്തിൽ അമേരിക്കൻ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയധമനികളിൽ ഘടിപ്പിക്കുന്ന സ്റ്റെന്റ്, കൃത്രിമ മുട്ട് തുടങ്ങിയ വൈദ്യരംഗത്തെ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ വിപണി കണ്ടെത്താനാണ് അമേരിക്കയുടെ നീക്കം. ഇതിനാണ് കേന്ദ്രസർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യയിലൂന്നി നിന്നുള്ള നികുതി നിരക്കുകൾ തിരിച്ചടിയായിരിക്കുന്നത്.