യുഎസ് തൊഴില്‍ സെക്രട്ടറി അലക്സാണ്ടര്‍ അകോസ്റ്റയാണ് ഇക്കാര്യങ്ങള്‍ മാധ്യങ്ങളോട് വിശദീകരിച്ചത്. ഏതൊക്കെ വിഭാഗങ്ങളിലെ വിസകള്‍ക്കാണ് ഫീസ് വര്‍ധന നടപ്പാക്കുകയെന്നോ ഫീസ് വര്‍ധന എത്രത്തോളമെന്നോ യുഎസ് വ്യക്തമാക്കിയിട്ടില്ല.

ന്യൂയോര്‍ക്ക്: ഇന്ത്യയുള്‍പ്പെടെയുളള രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ ആവശ്യങ്ങള്‍ക്ക് യുഎസ്സില്‍ എത്തുന്നവര്‍ക്ക് അനുവദിക്കുന്ന എച്ച് 1ബി വിസയുടെ അപേക്ഷാ ഫീസ് വര്‍ധിപ്പിക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചു. അമേരിക്കന്‍ യുവാക്കള്‍ക്ക് ടെക്നോളജി അധിഷ്ഠിത മേഖലയില്‍ തൊഴില്‍ പരിശീലനം നല്‍കാനുളള പദ്ധതിക്ക് ഫീസ് വര്‍ധനയിലൂടെ ലഭിക്കുന്ന തുക വിനിയോഗിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

യുഎസ് തൊഴില്‍ സെക്രട്ടറി അലക്സാണ്ടര്‍ അകോസ്റ്റയാണ് ഇക്കാര്യങ്ങള്‍ മാധ്യങ്ങളോട് വിശദീകരിച്ചത്. ഏതൊക്കെ വിഭാഗങ്ങളിലെ വിസകള്‍ക്കാണ് ഫീസ് വര്‍ധന നടപ്പാക്കുകയെന്നോ ഫീസ് വര്‍ധന എത്രത്തോളമെന്നോ യുഎസ് വ്യക്തമാക്കിയിട്ടില്ല.

എച്ച്1ബി വിസ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത് ഇന്ത്യന്‍ ഐടി കമ്പനികളാണ്. അമേരിക്കക്കാരുടെ തൊഴില്‍ അവസരങ്ങള്‍ കുറയുന്ന എന്നാരോപിച്ച് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റ് ആയതിന് ശേഷം മാനദണ്ഡങ്ങള്‍ കടുപ്പിച്ചിരുന്നു. വൈദഗ്ധ്യം ആവശ്യമുളള പ്രവര്‍ത്തനങ്ങളില്‍ വിദേശ ജീവനക്കാരെ നിയോഗിക്കാന്‍ അമേരിക്കയില്‍ പ്രവര്‍ത്തനമുളള കമ്പനികള്‍ക്ക് അനുവദിച്ചിട്ടുളള താല്‍ക്കാലിക വിസയാണ് എച്ച്1ബി. യുഎസ്സിന്‍റെ തീരുമാനം പുറത്ത് വന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രഫഷണലുകള്‍ക്കും നെഞ്ചിടിപ്പ് വര്‍ധിച്ചു.