കഴിഞ്ഞ 10 മാസത്തിനിടെ പലതവണയാണ് നികുതി നിരക്കുകള്‍ മാറിയത്. നിരക്ക് 50 ശതമാനമായി ഉയര്‍ന്ന സമയത്ത്, വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ വിതരണക്കാര്‍ 15 മുതല്‍ 18 ശതമാനം വരെയാണ് വിലക്കിഴിവ് നല്‍കിയത്.

അമേരിക്കയുടെ ഇറക്കുമതി തീരുവയിലുണ്ടായ അപ്രതീക്ഷിതവും തുടര്‍ച്ചയായതുമായ മാറ്റങ്ങള്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് തലവേദനയാകുന്നു. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കന്‍ വ്യാപാര നയങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ വ്യവസായ മേഖലയെ കടുത്ത ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് തങ്ങളുടെ ബിസിനസ് തന്ത്രങ്ങള്‍ തിരുത്തിയെഴുതാനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യന്‍ കയറ്റുമതിക്കാര്‍.

മാറിമറിഞ്ഞ് നികുതി നിരക്കുകള്‍

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിക്കൊണ്ടാണ് നാടകീയമായ സംഭവങ്ങളുടെ തുടക്കം. എന്നാല്‍ അമേരിക്കന്‍ സുപ്രീം കോടതി തീരുവ നയം റദ്ദാക്കി. ഇതോടെ മണിക്കൂറുകള്‍ക്കകം 10 ശതമാനം പുതിയ നികുതി നിലവില്‍ വന്നു. എന്നാല്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ഇത് വീണ്ടും 15 ശതമാനമായി ഉയര്‍ത്തുകയായിരുന്നു. അമേരിക്കന്‍ വ്യാപാര നയങ്ങളിലെ ഈ സ്ഥിരതയില്ലായ്മ ഇനി പതിവാകുമെന്ന ആശങ്കയിലാണ് കയറ്റുമതിക്കാര്‍. അമേരിക്കന്‍ ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ കഴിഞ്ഞ ഒന്‍പത് മാസമായി വന്‍ വിലക്കിഴിവാണ് ഇന്ത്യന്‍ കമ്പനികള്‍ നല്‍കുന്നത്.

വിലക്കിഴിവ് നല്‍കി നടുവൊടിഞ്ഞ് വ്യാപാരികള്‍

കഴിഞ്ഞ 10 മാസത്തിനിടെ പലതവണയാണ് നികുതി നിരക്കുകള്‍ മാറിയത്. നിരക്ക് 50 ശതമാനമായി ഉയര്‍ന്ന സമയത്ത്, വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യന്‍ വിതരണക്കാര്‍ 15 മുതല്‍ 18 ശതമാനം വരെയാണ് വിലക്കിഴിവ് നല്‍കിയത്. ഫെബ്രുവരി 2-ലെ വ്യാപാര കരാര്‍ പ്രഖ്യാപനത്തിന് ശേഷം ഇത് 0 മുതല്‍ 3 ശതമാനം വരെയായി കുറഞ്ഞത് വലിയ ആശ്വാസമായിരുന്നു.എന്നാല്‍ പുതിയ തീരുവകള്‍ അടുത്ത 150 ദിവസത്തേക്ക് തുടരുമെന്നാണ് സൂചന. ഇതോടെ നല്‍കേണ്ടി വരുന്ന വിലക്കിഴിവ് 5 ശതമാനം വരെ ഉയര്‍ന്നേക്കാമെന്നും കയറ്റുമതിക്കാര്‍ ഭയപ്പെടുന്നു. നികുതി നിരക്കുകള്‍ മാറുന്നതനുസരിച്ച് ബ്രാന്‍ഡുകള്‍ക്കും റീട്ടെയിലര്‍മാര്‍ക്കും തങ്ങളുടെ ഉല്‍പ്പാദനച്ചെലവുകളുടെ കണക്കുകള്‍ വീണ്ടും വീണ്ടും മാറ്റേണ്ടി വരികയാണ്.

ചെരുപ്പ്, തുകല്‍ വ്യവസായങ്ങള്‍ക്ക് ആശ്വാസം

അതേസമയം, ഉല്‍പ്പന്നങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത തീരുവകള്‍ക്ക് പകരം ഏകീകൃത തീരുവ വരുന്നതിനെ അനുകൂലിക്കുന്നവരുമുണ്ട്; പ്രത്യേകിച്ച് പാദരക്ഷാ, തുകല്‍ വ്യവസായ മേഖലയിലുള്ളവര്‍. 10 മുതല്‍ 15 ശതമാനം വരെയുള്ള സ്ഥിരമായ നികുതി നിരക്ക് മികച്ചതാണെന്നും, ഉയര്‍ന്ന നിരക്കില്‍ നിന്നും താഴേക്ക് വരുന്നത് വ്യവസായത്തെ ദോഷകരമായി ബാധിക്കില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ചൈനീസ് ഭീഷണി ബാക്കി

നികുതി നിരക്കുകളില്‍ വ്യക്തത വരുന്നുണ്ടെങ്കിലും, അമേരിക്കന്‍ വിപണിയില്‍ ചൈനയ്ക്കുള്ള സ്വാധീനം ഇന്ത്യന്‍ കയറ്റുമതിക്കാരുടെ ഉറക്കം കെടുത്തുന്നുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തീരുവ പകുതിയിലധികമായി കുറഞ്ഞുവെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ഇത് അമേരിക്കന്‍ വിപണിയില്‍ ചൈനയ്ക്ക് വീണ്ടും മേല്‍ക്കൈ നല്‍കാനും, ഏഷ്യയിലെ വ്യാപാര സമവാക്യങ്ങള്‍ തന്നെ ഇന്ത്യയ്ക്ക് പ്രതികൂലമായി മാറ്റിമറിക്കാനും കാരണമായേക്കുമെന്ന കടുത്ത ആശങ്കയിലാണ് ഇന്ത്യന്‍ വ്യവസായ ലോകം.