Asianet News MalayalamAsianet News Malayalam

വിസ്താര ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ലെവല്‍ ഒന്ന് മുതല്‍ മൂന്ന് വരെ ഇനി സാലറികട്ട് ഇല്ല

ലെവല്‍ നാല്, അഞ്ച് വിഭാഗക്കാര്‍ക്ക് 15 ശതമാനം സാലറി കട്ടായിരിക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുക.
 

Vistara avoid salary cut for Level one to level 3 employees
Author
New Delhi, First Published Mar 31, 2021, 11:08 AM IST

ദില്ലി: ഇന്ത്യന്‍ വിമാനക്കമ്പനിയായ വിസ്താര തങ്ങളുടെ ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ സാലറി കട്ട് അവസാനിപ്പിക്കുന്നു. ഏപ്രില്‍ 2021 മുതല്‍ മാനേജ്‌മെന്റ് ലെവല്‍ എക്‌സിക്യുട്ടീവ്‌സിന് മാത്രമായിരിക്കും സാലറി കട്ട് ഉണ്ടാവുക. സിഇഒ അടക്കം ഇതില്‍ ഉള്‍പ്പെടുമെന്ന് വിസ്താര ജീവനക്കാര്‍ക്ക് ലഭിച്ച ഔദ്യോഗിക ഇ-മെയില്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ടാറ്റ സണ്‍സിന്റെയും സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമാണ് വിസ്താര. 2020 ജൂണ്‍ മാസത്തിലാണ് കമ്പനി ജീവനക്കാര്‍ക്ക് 40 ശതമാനം സാലറി കട്ട് ഏര്‍പ്പെടുത്തിയത്. ഇത് പിന്നീട് ഡിസംബര്‍ 31 വരെയും അവിടെ നിന്ന് 2021 മാര്‍ച്ച് 31 വരെയും നീട്ടി.

കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. ലെവല്‍ ഒന്ന് മുതല്‍ ലെവല്‍ മൂന്ന് വരെയുള്ള ജീവനക്കാര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ സാലറി കട്ട് ഉണ്ടാവില്ല. ലെവല്‍ നാല്, അഞ്ച് വിഭാഗക്കാര്‍ക്ക് 15 ശതമാനം സാലറി കട്ടായിരിക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുക. അതേസമയം വിസ്താര സിഇഒ ലെസ്ലി തങ് കൈപ്പറ്റുന്ന സാലറിയില്‍ 25 ശതമാനം കുറവുണ്ടാകും.

കമ്പനി കൊവിഡ് പ്രതിസന്ധി പൂര്‍ണമായും മറികടന്നിട്ടില്ലെന്ന് സിഇഒ ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറയുന്നുണ്ട്. വരും ദിവസങ്ങളും പ്രതിസന്ധി നിറഞ്ഞതായിരിക്കും. വേതനക്കാര്യത്തിലെ മാറ്റങ്ങള്‍ പിടിഐയോട് വിസ്താര വക്താവ് സ്ഥിരീകരിച്ചു.
 

Follow Us:
Download App:
  • android
  • ios