മുംബൈ: ടാറ്റ -സിംഗപ്പൂര്‍ എയര്‍ലൈന്‍ സംയുക്ത സംരംഭമായ വിസ്താര എയര്‍ലൈനിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്ത്. 2018 -19 സാമ്പത്തിക വര്‍ഷം 831 കോടി രൂപയുടെ വാര്‍ഷിക നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. 

മുന്‍ സാമ്പത്തിക വര്‍ഷം നഷ്ടം 431 കോടി രൂപയായിരുന്നു. ടാറ്റാ സണ്‍സിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വിസ്താരയുടെ വാര്‍ഷിക നഷ്ടക്കണക്കുകളുളളത്. എന്നാല്‍, വിമാനക്കമ്പനിയുടെ വരുമാനക്കണക്കുകളെപ്പറ്റിയോ ബ്രേക്ക് അപ്പ് എക്സപെന്‍സുകളെപ്പറ്റിയോ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം അമ്പത് ലക്ഷം യാത്രക്കാര്‍ വിസ്താരയെ യാത്രയ്ക്കായി തെരഞ്ഞെടുത്തു. വിമാനക്കമ്പനി നഷ്ടത്തിലേക്ക് വീഴാനുണ്ടായ പ്രധാന കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ്. വാര്‍ഷിക റിപ്പോര്‍ട്ട് ഇപ്പോള്‍ ദേശീയ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുക്കുകയാണ്.