വിവാഹ വേളയില്‍ പണമായോ അല്ലാതെയോ ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക്, ബന്ധുക്കളല്ലാത്തവരില്‍ നിന്ന് ലഭിച്ചാല്‍ പോലും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 56(2)(x) പ്രകാരം നികുതി ഇളവുണ്ട്.
വിവാഹം എന്നത് ജീവിതത്തിലെ ഒരു നാഴികക്കല്ലാണ്. എന്നാല്‍, ഈ വേളയില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക് പ്രത്യേക നികുതിയിളവുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. വിവാഹ സമയത്ത് വധുവിനും വരനും ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക്, അത് അടുത്ത ബന്ധുക്കളില്‍ നിന്നായാലും സുഹൃത്തുക്കളില്‍ നിന്നായാലും നികുതി നല്‍കേണ്ടതില്ല. സാധാരണ ഗതിയില്‍, അടുത്ത ബന്ധുക്കളല്ലാത്തവരില്‍ നിന്ന് ഒരു വര്‍ഷം 50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള സമ്മാനങ്ങള്‍ ലഭിച്ചാല്‍, ആ തുകയ്ക്ക് മുഴുവനായും നികുതി നല്‍കേണ്ടതുണ്ട്. എന്നാല്‍ വിവാഹ സമ്മാനങ്ങള്‍ക്ക് ഈ നിബന്ധന ബാധകമല്ല
സാധാരണ സന്ദര്‍ഭങ്ങളില്‍, മാതാപിതാക്കള്‍, ജീവിതപങ്കാളി, സഹോദരങ്ങള്‍, ഭാര്യാഭര്‍ത്താക്കന്മാരുടെ വീട്ടുകാര്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ക്കു മാത്രമേ നികുതി ഇളവ് ലഭിക്കൂ. എന്നാല്‍, വിവാഹ വേളയില്‍ പണമായോ അല്ലാതെയോ ലഭിക്കുന്ന സമ്മാനങ്ങള്‍ക്ക്, ബന്ധുക്കളല്ലാത്തവരില്‍ നിന്ന് ലഭിച്ചാല്‍ പോലും ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 56(2)(x) പ്രകാരം നികുതി ഇളവുണ്ട്. ഈ വ്യവസ്ഥയുടെ ചില വശങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
സമ്മാനം വിവാഹ ദിവസം തന്നെ ലഭിച്ചാലേ ഇളവ് ലഭിക്കൂ എന്ന ചോദ്യം ഉയരാറുണ്ട്. വിവാഹത്തിന് മുമ്പോ, വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമോ സമ്മാനം ലഭിച്ചാലും ഇളവ് ക്ലെയിം ചെയ്യാം. വിവാഹം കഴിഞ്ഞ് 10-15 ദിവസത്തിനുള്ളില്‍ ലഭിച്ച സമ്മാനങ്ങള്‍ക്ക് ഇളവ് ലഭിക്കുമെന്ന് മുംബൈ ട്രൈബ്യൂണല്‍ ഒരു കേസില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് 11 മാസങ്ങള്‍ക്ക് ശേഷം ലഭിച്ച സമ്മാനത്തിന് പോലും ഒരു കേസില്‍ ഇളവ് ലഭിച്ചു! . കൃത്യമായ സമയത്തേക്കാള്‍, സമ്മാനം നല്‍കിയതിലെ ഉദ്ദേശ്യമാണ് നികുതി വകുപ്പിന് പ്രധാനം.
രേഖകള്‍ നിര്‍ബന്ധം: ശ്രദ്ധിച്ചില്ലെങ്കില്‍ കുടുങ്ങും!
നികുതി ഇളവ് ലഭിക്കുന്നതിന്, ആദായ നികുതി വകുപ്പ് ചോദ്യം ചെയ്താല്‍ മറുപടി നല്‍കാന്‍ ആവശ്യമായ രേഖകള്‍ നിര്‍ബന്ധമായും സൂക്ഷിക്കണം.
സൂക്ഷിക്കേണ്ട പ്രധാന രേഖകള്‍:
- ക്ഷണക്കത്ത്: വിവാഹ ക്ഷണക്കത്ത് (അല്ലെങ്കില്‍ സോഫ്റ്റ് കോപ്പി).
- സമ്മാന രജിസ്റ്റര്‍: സമ്മാനം നല്‍കിയവരുടെ പേര്, വിലാസം, എന്ത് സമ്മാനം, അതിന്റെ മൂല്യം, ലഭിച്ച തീയതി എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ്.
- തെളിവുകള്‍: വിവാഹ ഫോട്ടോകളും വീഡിയോകളും.
- ബാങ്ക് വിവരങ്ങള്‍: പണമായി ബാങ്ക് അക്കൗണ്ടില്‍ ലഭിച്ച സമ്മാനങ്ങളുടെ ബാങ്ക് എന്‍ട്രികള്‍.
- സന്ദേശം: സമ്മാനം സ്ഥിരീകരിക്കുന്ന ഇമെയിലുകള്‍ അല്ലെങ്കില്‍ സന്ദേശങ്ങള്‍.
നികുതി വകുപ്പ് എപ്പോള്‍ വേണമെങ്കിലും ഈ സമ്മാനങ്ങളുടെ ഉറവിടം പരിശോധിക്കാന്‍ ആവശ്യപ്പെട്ടേക്കാം. പണം നല്‍കിയ ആളിന്റെ സാമ്പത്തിക നില പോലും പരിശോധിക്കാനുള്ള സാധ്യതയുണ്ട്.
ആഭരണങ്ങള്‍ വില്‍ക്കുമ്പോള്‍ നികുതിയുണ്ട്!
വിവാഹ സമ്മാനങ്ങള്‍ ലഭിക്കുമ്പോള്‍ മാത്രമാണ് നികുതി നല്‍കേണ്ടാത്തത്.. എന്നാല്‍, സമ്മാനമായി ലഭിച്ച ആഭരണങ്ങളോ മറ്റ് മൂല്യമുള്ള വസ്തുക്കളോ പിന്നീട് വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍, അതില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന് മൂലധന നേട്ട നികുതി ബാധകമാകും.
നികുതി കണക്കാക്കുന്നതിന്, സമ്മാനം നല്‍കിയ വ്യക്തിയ്ക്ക് വന്ന ചെലവ് വാങ്ങല്‍ വിലയായി കണക്കാക്കും. അതുകൊണ്ട്:
ഇന്‍വോയ്സുകള്‍: സമ്മാനമായി ലഭിച്ച സാധനങ്ങളുടെ ഇന്‍വോയ്സുകള്‍ കൈവശം വയ്ക്കുക.
വാല്വേഷന്‍: ഉയര്‍ന്ന മൂല്യമുള്ള സമ്മാനങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തി സൂക്ഷിക്കുക.
ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി, കല്യാണ സമ്മാനങ്ങളുടെ സന്തോഷം നികുതിയുടെ പേരില്‍ ഇല്ലാതാകില്ല.


