Asianet News MalayalamAsianet News Malayalam

വര്‍ക്ക് ഫ്രം ഹോം തന്നെ ലാഭം; കമ്പനികളുടെ വരുമാനം നാല് മടങ്ങ് കൂടുതൽ

ഓഫീസില്‍ കൃത്യമായ ഹാജര്‍ ഉറപ്പാക്കി പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങളേക്കാള്‍ നാല് മടങ്ങ് അധിക വരുമാന വളര്‍ച്ച നേടാന്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയ കമ്പനികള്‍ക്ക് സാധിക്കുന്നു

WFH good for Companies revenue growth that's four times faster
Author
First Published Nov 15, 2023, 1:31 PM IST

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം (വര്‍ക്ക് ഫ്രം ഹോം) നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഉല്‍പാദന ക്ഷമത കൈവരിക്കാന്‍ സാധിക്കുന്നുണ്ടെന്ന് പഠനം. ഓഫീസില്‍ കൃത്യമായ ഹാജര്‍ ഉറപ്പാക്കി പ്രവര്‍ത്തനം നടത്തുന്ന സ്ഥാപനങ്ങളേക്കാള്‍ നാല് മടങ്ങ് അധിക വരുമാന വളര്‍ച്ച നേടാന്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയ കമ്പനികള്‍ക്ക് സാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. 554 സ്ഥാപനങ്ങളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

ജീവനക്കാരുടെ ഇഷ്ടാനുസരണം വീട്ടിലിരുന്നോ, ഓഫിസിലിരുന്നോ ജോലി ചെയ്യാന്‍ അനുവദിക്കുന്ന സ്ഥാപനങ്ങളുടെ വില്‍പനയില്‍ 2020 നും 2022നും ഇടയില്‍ 21 ശതമാനം വര്‍ധനയാണ് ഉണ്ടായത്. ഫ്ലെക്‌സ് വർക്ക് അഡൈ്വസർ സ്‌കൂപ്പ് ടെക്‌നോളജീസ് ഇൻകോർപ്പറേറ്റും ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പും നടത്തിയ പഠനത്തിൽ സാങ്കേതികവിദ്യ മുതൽ ഇൻഷുറൻസ് വരെയുള്ള 20 മേഖലകളിലുള്ള കമ്പനികൾ ഉൾപ്പെടുന്നു. വ്യത്യസ്തമായ രീതിയുള്ള തൊഴില്‍  രീതികള്‍   സ്ഥാപനങ്ങളുടെ പ്രകടനത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കണ്ടെത്താനാണ് വിപുലമായ പഠനം നടത്തിയത്.

ആഴ്ചയില്‍ ഏതാനും ദിവസം മാത്രം ഓഫിസില്‍ വരുന്ന ജീവനക്കാര്‍, മുഴുവന്‍ ദിവസവും ഓഫിസില്‍ വരുന്നവരേക്കാള്‍ മികച്ച വില്‍പന കൈവരിച്ചെന്ന് പഠനം വ്യക്തമാക്കുന്നു. വര്‍ക്ക് ഫ്രം ഹോം സൗകര്യമുള്ള കമ്പനികള്‍ക്ക് ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നുള്ളവരേയും കഴിവിന്‍റെ അടിസ്ഥാനത്തില്‍ ജോലിക്ക് നിയോഗിക്കാമെന്നത് ഉല്‍പാദന ക്ഷമതയും വില്‍പനയും കൂട്ടാന്‍ സഹായിക്കുന്നുണ്ട്.   ഓഫീസിൽ ഒരു നിശ്ചിത എണ്ണം ഹാജർ ആവശ്യമുള്ള കമ്പനികളിൽ, വെറും ആറ് ശതമാനത്തിന് മാത്രമേ ആഴ്ചയില്‍ നാല് ദിവസം വരുന്നതിന് താല്‍പര്യമുള്ളൂ, മിക്കവരും ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഓഫിസിലെത്തുന്നതിന് താല്‍പര്യപ്പെടുന്നു .

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios