എത്രയും നേരത്തെ ടാക്സ് സേവിങ് നിക്ഷേപം തുടങ്ങുന്നുവോ അത്രയും കൂടുതല്‍ നികുതി അടയ്ക്കുന്നത് നമുക്ക് ലാഭിക്കാം. നിക്ഷേപകര്‍ക്ക് കൂടുതല്‍ ഗുണകരമായ നിക്ഷേപങ്ങള്‍. 

പുതുവര്‍ഷത്തിന് തുടക്കം കുറിക്കുമ്പോള്‍ നികുതി ദായകരെല്ലാം ടാക്സ് സേവിംഗ് നിക്ഷേപങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ്. എത്രയും നേരത്തെ ടാക്സ് സേവിങ് നിക്ഷേപം തുടങ്ങുന്നുവോ അത്രയും കൂടുതല്‍ നികുതി അടയ്ക്കുന്നത് നമുക്ക് ലാഭിക്കാം. സാധാരണ ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം അഥവാ ഇഎല്‍എസ്എസ്, പബ്ലിക് പ്രോവിഡന്‍റ് ഫണ്ട് എന്നിവയാണ് ടാക്സ് സേവിംഗ്സ് ആവശ്യത്തിനായി നികുതി ദായകര്‍ പരിഗണിക്കാറുള്ളത് എന്നാല്‍ ഇതില്‍ ഏതാണ് നിക്ഷേപകര്‍ക്ക് കൂടുതല്‍ ഗുണകരം എന്ന് പരിശോധിക്കാം.

പിപിഎഫ്

സര്‍ക്കാരിന്റെ പദ്ധതിയായ പിപിഎഫ് ഉറപ്പായുള്ള റിട്ടേണ്‍ നല്‍കുന്നതിനൊപ്പം സെക്ഷന്‍ 80 സി പ്രകാരമുള്ള നികുതി ഇളവ് നേടാന്‍ കൂടി സഹായിക്കുന്നു. നിലവില്‍ 7.1 ശതമാനമാണ് സര്‍ക്കാര്‍ നല്‍കുന്ന പലിശ . ഇനി ഇതിന്‍റെ പ്രത്യേകതകള്‍ പരിശോധിക്കാം. സര്‍ക്കാര്‍ ഉറപ്പു നല്‍കുന്ന റിട്ടേണ്‍ നിക്ഷേപകര്‍ക്ക് ഉറപ്പായും ലഭിക്കും. കുറഞ്ഞ പലിശയാണ് ലഭിക്കുന്നതെങ്കിലും റിട്ടേണ്‍ ഉറപ്പുള്ളതുകൊണ്ടാണ് പലരും പിപിഎഫില്‍ നിക്ഷേപിക്കുന്നത്. 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കും. പിപിഎഫ് നിക്ഷേപങ്ങള്‍ക്ക് 15 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ് ഉണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ നിക്ഷേപങ്ങളില്‍ നിന്ന് വായ്പ എടുക്കാനാകും. 500 രൂപ മുതല്‍ പിപിഎഫില്‍ നിക്ഷേപം നടത്താനാകും

ഇഎല്‍എസ്എസ്

ഓഹരികളിലും മറ്റ് അനുബന്ധ സെക്യൂരിറ്റീസുകളിലുമായി മൊത്തം ആസ്തിയുടെ 80 ശതമാനവും നിക്ഷേപിക്കുന്ന ഫണ്ടുകളാണിവ. നികുതി ലാഭിക്കുവാനുള്ള നിക്ഷേപ മാര്‍ഗ്ഗങ്ങളില്‍ വച്ച് ഏറ്റവും ആകര്‍ഷകമായവയാണ് ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍. നികുതി ഇളവിന് സഹായിക്കുന്ന നിക്ഷേപ പദ്ധതികളില്‍ ഏററവും കൂടുതല്‍ റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്ന നിക്ഷേപമാണ് ഇഎല്‍എസ്എസ്. 3-5 വര്‍ഷ കാലയളവുകളില്‍ 11-14 ശതമാനം വരെ റിട്ടേണ്‍ ലഭിച്ചിട്ടുണ്ട്. ഓഹരിവിപണിയുമായി ബന്ധപ്പെട്ടതിനാല്‍ ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ ലാഭ നഷ്ട സാധ്യതയുള്ളവയാണ്. റിട്ടേണ്‍ ഒരിക്കലും ഉറപ്പുപറയാനും ആകില്ല. ആദായനികുതി നിയമം 80സി വകുപ്പ് പ്രകാരം 1,50,000 രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കുന്നു. .ഇതില്‍ നിക്ഷേപിക്കുന്നതിലൂടെ ഉയര്‍ന്ന നികുതി സ്ലാബിലുള്ള ഒരു നിക്ഷേപകന് 46,800 രൂപ വരെ ലാഭിക്കുവാന്‍ സാധിക്കുന്നു

എസ്ഐപി ഓപ്ഷന്‍

 500 രൂപ മുതല്‍ എസ്ഐപിയിലുടെ ഇഎല്‍എസ് എസില്‍ നിക്ഷേപിക്കാം. ഇങ്ങനെ ചെറിയ തുക ഉപയോഗിച്ച് പോലും നിക്ഷേപം നടത്താം. ഈ നിക്ഷേപങ്ങള്‍ക്ക് 3 വര്‍ഷം ലോക്ക്ഇന്‍ കാലാവധിയാണുള്ളത്. മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ കാലാവധിയാണ് ഇഎല്‍എസ്എസ് നിക്ഷേപങ്ങള്‍ക്കുള്ളത് എന്നത് മറ്റൊരു ആകര്‍ഷണമാണ്. നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി മനസിലാക്കുക