മൊത്തവിലയെ അടിസ്ഥനമാക്കിയുള്ള പണപ്പെരുപ്പം കുറഞ്ഞു, ഭക്ഷ്യ സൂചികയെ അടിസ്ഥാനമാക്കിയുള്ള  പണപ്പെരുപ്പ നിരക്ക് താഴേക്ക്.  

ദില്ലി: സെപ്റ്റംബറിൽ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം (Wholesale Inflation) 10.70 ശതമാനമായി കുറഞ്ഞു. ഓഗസ്റ്റിൽ മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 12.41 ശതമാനം ആയിരുന്നു. . മുന്‍വര്‍ഷം ഇതേ കാലയളവില്‍ 11.64 ശതമാനം ആയിരുന്നു രാജ്യത്തെ പണപ്പെരുപ്പം. ഭക്ഷ്യ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഓഗസ്റ്റിലെ 9.93 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 8.08 ശതമാനമായി കുറഞ്ഞു.

Read Also: ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം 7.41 ശതമാനം; അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്

മുൻവർഷത്തെ അപേക്ഷിച്ച് മിനറൽ ഓയിൽ, ഭക്ഷ്യവസ്തുക്കൾ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, രാസവസ്തുക്കൾ, രാസ ഉൽപന്നങ്ങൾ, അടിസ്ഥാന ലോഹങ്ങൾ, വൈദ്യുതി, തുണിത്തരങ്ങൾ തുടങ്ങിയവയുടെ വിലക്കയറ്റം ഉണ്ടായിട്ടുണ്ട്. രുളക്കിഴങ്ങിന്റെ വിലയിൽ 49.79 ശതമാനവും ക്രൂഡ് പെട്രോളിയം, പ്രകൃതി വാതകം എന്നിവയിൽ 44.72 ശതമാനവും വർധനവുണ്ടായി.

അതേസമയം, ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഉള്ളത്. ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം സെപ്തംബറിൽ 7.41 ശതമാനമായി ഉയർന്നു. ഭക്ഷ്യവിലക്കയറ്റം ആണ് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള പണപ്പെരുപ്പം ഉയരാനുള്ള കാരണം. 

Read Also: 5ജിക്ക് മുൻപ് 5 കോടി സംഭാവന ചെയ്ത് മുകേഷ് അംബാനി; അനുഗ്രഹത്തിനായി ബദ്രി-കേദാർ സന്ദർശനം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിക്ക് മുകളിലാണ് തുടർച്ചയായ ഒമ്പതാം തവണയും റീടൈൽ പണപ്പെരുപ്പ നിരക്ക് ഉള്ളത്. ഇതോടെ ആർബിഐ വീണ്ടും പലിശ നിരക്ക് ഉയർത്താൻ ഇത് കാരണമായേക്കും. ഈ വർഷം നാല് തവണ റിപ്പോ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. 190 ബേസിസ് പോയിന്റ് ഇതുവരെ ആർബിഐ ഉയർത്തി. റിപ്പോ ഉയരുന്നതോടെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകളുടെ നിക്ഷേപ വായ്പ നിരക്കുകൾ ഉയർന്നേക്കും. നിലവിൽ ഉയർന്ന പലിശ നിരക്കാണ് രാജ്യത്തുള്ളത്. ഡോളറിനെതിരെ ഇന്ത്യയുടെ രൂപയുടെ മൂല്യം 10 ​​ശതമാനത്തിലധികം ഇടിഞ്ഞത് ഇറക്കുമതി ചെലവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ ആയിരുന്നു.