പാകിസ്ഥാന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുവെന്നും ഐഎംഎഫ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് 7 ബില്യണ്‍ ഡോളര്‍ വായ്പയുടെ രണ്ടാം ഗഡു ഐഎംഎഫ് ബോര്‍ഡ് അംഗീകരിച്ചത്.
കഴിഞ്ഞയാഴ്ച അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പാകിസ്താന് 1 ബില്യണ്‍ ഡോളര്‍ ധനസഹായം അനുവദിച്ചത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്കിടെ. ഇന്ത്യയുടെ പ്രതിഷേധം അവഗണിച്ച്, പാകിസ്ഥാന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നുവെന്നും ഐഎംഎഫ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് 7 ബില്യണ്‍ ഡോളര്‍ വായ്പയുടെ രണ്ടാം ഗഡു ഐഎംഎഫ് ബോര്‍ഡ് അംഗീകരിച്ചത്. നിലവിലുള്ള ഐഎംഎഫ് സഹായത്തിന്‍റെ ഫലപ്രാപ്തിയെ ഇന്ത്യ ചോദ്യം ചെയ്തു. കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ 28 തവണയും, കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മാത്രം നാല് തവണയും പാകിസ്ഥാന് സഹായം ലഭിച്ചിട്ടും കാര്യമായതും ശാശ്വതവുമായ പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ബോര്‍ഡ് യോഗത്തില്‍ നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയായിരുന്നു.
ഇന്ത്യ എന്തുകൊണ്ട് വിട്ടുനിന്നു?
ഐഎംഎഫ് ബോര്‍ഡിലെ 25 അംഗങ്ങളില്‍ ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ സ്വാധീനം പരിമിതമാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍ എന്നിവ ഉള്‍പ്പെടുന്ന നാല് രാജ്യങ്ങളുടെ ഗ്രൂപ്പിനെയാണ് ഇന്ത്യ പ്രതിനിധീകരിക്കുന്നത്. പാകിസ്താന്‍ ഇറാന്‍ പ്രതിനിധീകരിക്കുന്ന മധ്യേഷ്യന്‍ ഗ്രൂപ്പിന്‍റെ ഭാഗമാണ്. ഐക്യരാഷ്ട്രസഭയുടെ ഒരു രാജ്യം ഒരു വോട്ട് എന്ന സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായി, ഐഎംഎഫ് ബോര്‍ഡ് അംഗങ്ങളുടെ വോട്ടവകാശം ഒരു രാജ്യത്തിന്‍റെ സാമ്പത്തിക വലുപ്പത്തെയും അതിന്‍റെ സംഭാവനകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സമ്പന്നരായ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കൂടുതല്‍ അനുകൂലമാണ്. ഉദാഹരണത്തിന്, യുഎസിനാണ് ഏറ്റവും വലിയ വോട്ട് ഷെയര്‍ - 16.49% - അതേസമയം ഇന്ത്യക്ക് 2.6% മാത്രമാണ് ഉള്ളത്. കൂടാതെ, ഒരു നിര്‍ദ്ദേശത്തിനെതിരെ വോട്ട് ചെയ്യാന്‍ ഐഎംഎഫ് നിയമങ്ങള്‍ അനുവദിക്കുന്നില്ല - ബോര്‍ഡ് അംഗങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യാം അല്ലെങ്കില്‍ വിട്ടുനില്‍ക്കാം - കൂടാതെ തീരുമാനങ്ങള്‍ സമവായത്തിലൂടെയാണ് കൈക്കൊള്ളുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ യോഗത്തില്‍ നിന്ന് വി്ട്ടുനിന്നത്.
പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ഐഎംഎഫ് ബോര്‍ഡ് യോഗത്തില്‍ ഇന്ത്യയുടെ പ്രധാന എതിര്‍പ്പുകള്‍ ഇവയായിരുന്നു:
പാകിസ്ഥാന്‍റെ സാമ്പത്തിക കാര്യങ്ങളില്‍ സൈന്യത്തിന്‍റെ തുടര്‍ച്ചയായ ആധിപത്യം സുതാര്യതയെയും, മേല്‍നോട്ടത്തെയും, പരിഷ്കരണങ്ങളെയും തടസ്സപ്പെടുത്തുന്നുവെന്ന് ഇന്ത്യ ശക്തമായി അഭിപ്രായപ്പെട്ടു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു രാജ്യത്തിന് ഫണ്ട് നല്‍കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ത്തു. അത്തരം പിന്തുണ ആഗോള സ്ഥാപനങ്ങളുടെ സല്‍പ്പേരിന് ദോഷം ചെയ്യുമെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങളെ ലംഘിക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കി.
അഞ്ച് വര്‍ഷത്തില്‍ നാല് തവണയും പാകിസ്ഥാന് സഹായം ലഭിച്ചിട്ടും പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.


