ഇത് നീതി, പരമാധികാരം തുടങ്ങിയ കാര്യങ്ങള്‍ക്കപ്പുറമുള്ള ഒരു അധികാരക്കളിയാണെന്ന് രഘുറാം രാജന്‍

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 50% തീരുവ ഉള്‍പ്പെടെയുള്ള കനത്ത താരിഫുകള്‍ ചുമത്താനുള്ളതിന്റെ കാരണം വ്യാപാര - സാമ്പത്തിക നിലപാടുകള്‍ക്കപ്പുറമുള്ള ഒരു വലിയ തന്ത്രത്തിന്റെ ഭാഗമാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. താരിഫുകള്‍ വ്യാപാരത്തിനുള്ള ഉപകരണമായി മാത്രമല്ല, രാഷ്ട്രീയവും സാമ്പത്തികവുമായി സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള മാര്‍ഗ്ഗമായി കൂടിയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ട്രംപിന്റെ താരിഫ് തന്ത്രങ്ങള്‍:

വ്യാപാരക്കമ്മി മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ ചൂഷണം ചെയ്യുന്നതിന്റെ തെളിവാണെന്ന് ട്രംപ് വിശ്വസിക്കുന്നതായി രഘുറാം രാജന്‍ പറഞ്ഞു. താരിഫ് ചുമത്തുന്നതിലൂടെ വ്യാപാര രംഗത്ത് തുല്യ അവസരം ഉറപ്പാക്കാന്‍ കഴിയുമെന്ന് ട്രംപ് വിശ്വസിക്കുന്നു ട്രംപിന്റെ ഈ നിലപാടിന് 1980-കള്‍ മുതല്‍ക്കേയുള്ള ചരിത്രമുണ്ടെന്നും, അക്കാലത്ത് അദ്ദേഹം ജപ്പാനെ വിമര്‍ശിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. താരിഫ് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് ബാധ്യതയായി മാറില്ലെന്നും, പുറത്തുനിന്നുള്ളവര്‍ക്ക് ചുമത്തുന്ന നികുതിയായി ഇത് കണക്കാക്കപ്പെടുന്നു എന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. ഇതിലൂടെ ലഭിക്കുന്ന വരുമാനം ട്രംപ് പ്രഖ്യാപിച്ച നികുതിയിളവുകള്‍ നികത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക ശക്തി ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഒരു ബലപ്രയോഗത്തിനുള്ള മാര്‍ഗമായി അമേരിക്ക താരിഫുകള്‍ ഉപയോഗിക്കുന്നു ഇതിന്റെ ആത്യന്തിക ഫലം മറ്റ് രാജ്യങ്ങള്‍ കഷ്ടപ്പെടുക എന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയെ മാത്രം പ്രത്യേകമായി ലക്ഷ്യമിട്ടോ?

തുടക്കത്തില്‍ ഇന്ത്യയെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളെയും ഒരേ താരിഫ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഏകദേശം 20% താരിഫ് ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. മോദി-ട്രംപ് ബന്ധം കൂടുതല്‍ മെച്ചപ്പെട്ട ഫലം നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു, എന്നാല്‍ അത് സംഭവിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റേതൊരു ഏഷ്യന്‍ രാജ്യങ്ങളെക്കാളും ഉയര്‍ന്ന താരിഫാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. തുര്‍ക്കി, ചൈന, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയുമായി ഊര്‍ജ്ജ വ്യാപാരം തുടര്‍ന്നപ്പോഴും അവര്‍ക്ക് സമാനമായ ശിക്ഷാനടപടികള്‍ നേരിടേണ്ടി വന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തകര്‍ന്നിരിക്കുന്നു'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയും എണ്ണയുമാണോ കാരണം?

റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങിയതാണ് താരിഫിന് കാരണമോ എന്ന ചോദ്യത്തിന് ഇത് നീതി, പരമാധികാരം തുടങ്ങിയ കാര്യങ്ങള്‍ക്കപ്പുറമുള്ള ഒരു അധികാരക്കളിയാണെന്ന് രഘുറാം രാജന്‍ പറഞ്ഞു. ട്രംപ് പറയുന്ന നിയമങ്ങള്‍ക്കനുസരിച്ച് ഇന്ത്യ മുന്നോട്ട് പോകാത്തതുകൊണ്ടാണ് ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.