ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ച് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍.

വിവിധ രാജ്യങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തെ ശക്തമായി വിമര്‍ശിച്ച് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍. ട്രംപിന്‍റെ നടപടി ഒരു 'സെല്‍ഫ് ഗോള്‍' ആണ് എന്നും രഘുറാം രാജന്‍ പറഞ്ഞു. ഈ നീക്കം യുഎസ് സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെങ്കിലും, ഇന്ത്യയിലുണ്ടാകുന്ന അതിന്‍റെ ആഘാതം പരിമിതമായിരിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഇന്ത്യയുടെ കയറ്റുമതിയില്‍ തീരുവ പ്രതിഫലിച്ചാല്‍ ഉല്‍പ്പന്നങ്ങളുടെ വില കൂടുകയും അത് യുഎസ് ഉപഭോക്താക്കളെ ബാധിക്കുകയും ചെയ്യും. അത് ഡിമാന്‍റ് കുറയുന്നതിന് വഴിവയ്ക്കും. അത് ഇന്ത്യയുടെ കയറ്റുമതി മന്ദഗതിയിലാക്കുമെന്നും രഘുറാം രാജന്‍ വിശദീകരിച്ചു. എന്നിരുന്നാലും, മറ്റ് രാജ്യങ്ങളിലും യുഎസ് താരിഫ് ചുമത്തിയിരിക്കുന്നതിനാല്‍, ഇന്ത്യയ്ക്ക് അത്ര വലിയ ആഘാതം നേരിടേണ്ടിവരില്ല.

ട്രംപിന്‍റെ ദീര്‍ഘകാല ലക്ഷ്യം യുഎസ് ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ്, പക്ഷേ വിജയിച്ചാലും അത് കൈവരിക്കാന്‍ വളരെ സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഇന്ത്യയുടെ കയറ്റുമതി കുറച്ചാല്‍ കൂടുതല്‍ സാധനങ്ങള്‍ ആഭ്യന്തരമായി ലഭ്യമാകും. ഇത് വഴി രാജ്യത്തെ വിലക്കയറ്റം കുറയും. യുഎസ് വിപണിയിലേക്കുള്ള പ്രവേശനം ഇപ്പോള്‍ പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ ചൈന പോലുള്ള രാജ്യങ്ങളും ഇന്ത്യയിലേക്ക് കൂടുതല്‍ കയറ്റുമതി ചെയ്യാന്‍ ശ്രമിച്ചേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയ്ക്ക് ഇതിനെ ഒരു അവസരമാക്കി മാറ്റാന്‍ കഴിയുമോ?

ഇന്ത്യയ്ക്ക് ഈ പ്രതിസന്ധിയെ ഒരു അവസരമാക്കി മാറ്റാന്‍ കഴിയുമോ എന്ന ചോദ്യത്തിന്, ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്ന താരിഫുകള്‍ തീര്‍ച്ചയായും കുറയ്ക്കാന്‍ നമുക്ക് കഴിയുമെന്നും അത് യുഎസ് താരിഫുകള്‍ കുറയ്ക്കുന്നതിനുള്ള ചര്‍ച്ചകളെ സഹായിക്കുമോ എന്നത് പരിഗണിക്കാതെ തന്നെ ഇന്ത്യയ്ക്ക് ഗുണം ചെയ്യുന്നതാണെന്നും രഘുറാം രാജന്‍ പറഞ്ഞു. ഇന്ത്യ വ്യാപാരത്തിന്‍റെ കാര്യത്തില്‍ കൂടുതല്‍ സമര്‍ത്ഥരായിരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ചൈനയുമായി കൂടുതല്‍ നീതിയുക്തമായ ബന്ധം സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കാമെന്നും സാര്‍ക്ക് രാജ്യങ്ങള്‍ക്കിടയില്‍ വ്യാപാരം വര്‍ധിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.