അയല്‍രാജ്യങ്ങളിലെ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ പാക്കിസ്ഥാനിലെ സ്വകാര്യ മേഖലയില്‍ ഉല്‍പാദന-പ്രവര്‍ത്തന ചെലവുകള്‍ 34 ശതമാനം വരെ അധികമാണെന്ന് പാക്കിസ്ഥാന്‍ ബിസിനസ് ഫോറം വ്യക്തമാക്കുന്നു.
ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളെ അപേക്ഷിച്ച് പാക്കിസ്ഥാനില്‍ വ്യവസായ മേഖലയിൽ ഉല്‍പാദനച്ചെലവ് കുതിച്ചുയരുന്നു. അയല്‍രാജ്യങ്ങളിലെ വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ പാക്കിസ്ഥാനിലെ സ്വകാര്യ മേഖലയില്‍ ഉല്‍പാദന-പ്രവര്‍ത്തന ചെലവുകള്‍ 34 ശതമാനം വരെ അധികമാണെന്ന് പാക്കിസ്ഥാന്‍ ബിസിനസ് ഫോറം വ്യക്തമാക്കുന്നു. ഇത് രാജ്യത്തിന്റെ കയറ്റുമതി സാധ്യതകളെയും സാമ്പത്തിക ഭദ്രതയെയും ഗുരുതരമായി ബാധിക്കുമെന്നാണ് ആശങ്ക.
പോളിസികളിലെ പാളിച്ചയും നികുതി ഭാരവും
രാജ്യത്തെ സാമ്പത്തിക നയങ്ങളിലെ അപാകതകളാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് പി.ബി.എഫ് ചീഫ് ഓര്‍ഗനൈസര്‍ അഹമ്മദ് ജവാദ് പറഞ്ഞു. ഉയര്‍ന്ന നികുതി നിരക്കുകള്‍, അമിതമായ വൈദ്യുതി-വാതക നിരക്കുകള്‍, പാക്കിസ്ഥാന്‍ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന അസ്ഥിരത എന്നിവ വ്യവസായങ്ങളെ തകര്‍ക്കുകയാണ്.
പ്രധാന കാരണങ്ങള്‍:
അമിത നികുതി: ഉല്‍പാദന മേഖലയ്ക്ക് താങ്ങാനാവാത്ത വിധം നികുതി വര്‍ധിക്കുന്നു.
ഊര്‍ജ്ജ പ്രതിസന്ധി: വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതി, ഗ്യാസ് നിരക്കുകള്‍ മേഖലയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
പാക് രൂപയുടെ തകര്‍ച്ച: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഡോളറിനെതിരെ പാക് രൂപയുടെ മൂല്യം 160 രൂപയോളം ഇടിഞ്ഞു. ഇത് ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുകയും വിദേശ നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്തു.
ഒരു ഡോളറിന് 240 പാക് രൂപ എന്ന നിരക്കില്‍ മൂല്യം സ്ഥിരപ്പെടുത്തണമെന്നാണ് ബിസിനസ് ഫോറം ആവശ്യപ്പെടുന്നത്. എങ്കില്‍ മാത്രമേ വിപണിയില്‍ പ്രവചനാതീതമായ സാഹചര്യം ഒഴിവാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും സാധിക്കൂ.
തകര്‍ച്ച നേരിട്ട് കോട്ടണ്‍ മേഖല
പാക്കിസ്ഥാന്റെ അഭിമാനമായ കോട്ടണ്‍ വ്യവസായവും തകര്‍ച്ചയുടെ വക്കിലാണ്. ഏകദേശം 400-ലധികം കോട്ടണ്‍ യൂണിറ്റുകള്‍ ഇതിനകം പൂട്ടിപ്പോയി.തദ്ദേശീയമായി ഉല്‍പാദിപ്പിക്കുന്ന പരുത്തിക്കുരുവിനും പിണ്ണാക്കിനും 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയതാണ് തിരിച്ചടിയായത്. ഇത് ആഭ്യന്തര വിപണിയില്‍ പരുത്തിയുടെ ആവശ്യം കുറയ്ക്കുകയും കര്‍ഷകരെയും മില്ലുടമകളെയും ഒരുപോലെ കടക്കെണിയിലാക്കുകയും ചെയ്തു. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ രാജ്യത്തെ വ്യവസായ മേഖല പൂര്‍ണ്ണമായും സ്തംഭിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
