മുംബൈ: കോവിഡ് -19 പകർച്ചവ്യാധി വ്യാപനത്തിന്റെ കാഠിന്യത്തെയും രാജ്യവ്യാപക ലോക്ക് ഡൗണിന്റെ കാലാവധിയെയും ആശ്രയിച്ച് ഇന്ത്യയുടെ സാമ്പത്തിക വളർച്ച ഈ സാമ്പത്തിക വർഷം 1.5 ശതമാനത്തിനും നാല് ശതമാനത്തിനും ഇടയിലായിരിക്കുമെന്ന് ലോക ബാങ്ക് വ്യക്തമാക്കി.

“വലിയ തോതിലുള്ള ആഭ്യന്തര പകർച്ചവ്യാധി സാഹചര്യം ഒഴിവാക്കുകയാണെങ്കിൽ, നേരത്തെ രൂപം നൽകിയിട്ടുളള നയപരമായ നടപടികൾ പൂർ‌ത്തിയാക്കുകയും ചരക്കുകളുടെയും ആളുകളുടെയും ചലനാത്മകതയ്‌ക്കുള്ള നിയന്ത്രണങ്ങൾ‌ വേഗത്തിൽ‌ നീക്കാനും സാധിക്കുമെങ്കിൽ, ഈ സാമ്പത്തിക വർഷം ഒരു വിപരീത സാഹചര്യമുണ്ടാകും. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ വളർച്ച നാല് വരെ വരും." ലോക ബാങ്ക് റിപ്പോർട്ട് പറയുന്നു.

"എന്നാൽ, ആഭ്യന്തര പകർച്ചവ്യാധി അടങ്ങിയിട്ടില്ലെങ്കിൽ, രാജ്യവ്യാപകമായി അടച്ചുപൂട്ടൽ നീട്ടുന്നുവെങ്കിൽ, വളർച്ചാ പ്രവചനങ്ങൾ 1.5 ശതമാനത്തിന് താഴേക്ക് പരിഷ്കരിക്കേണ്ടി വന്നേക്കാം.” ബാങ്കിന്റെ ദക്ഷിണേഷ്യയിലെ സാമ്പത്തിക കേന്ദ്രം വിശദീകരിച്ചു. 

കൊറോണ വൈറസ് പകർച്ചവ്യാധിയ്ക്ക് എതിരെ പോരാടാനുള്ള രാജ്യത്തിന്റെ നയപരിപാടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വെർച്വൽ മീറ്റിംഗിൽ വിശദീകരിച്ചു. മിക്ക സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടുന്നതിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി ചില വ്യവസായങ്ങൾക്ക് ഇളവുകൾ നൽകിക്കൊണ്ട് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ലോക്ക് ഡൗൺ നീട്ടിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ മാസാവസാനം വരെ നീട്ടാൻ സ്വന്തം നിലയ്ക്ക് തീരുമാനം എടുത്തുകഴിഞ്ഞു.