Asianet News MalayalamAsianet News Malayalam

സൊമാറ്റോയ്ക്ക് നാലര കോടിയുടെ നികുതി നോട്ടീസ്; നടപടി രണ്ട് സംസ്ഥാനങ്ങളിലെ ജിഎസ്ടി വകുപ്പുകളിൽ നിന്ന്

തമിഴ്നാട്ടിൽ 81,16,518 രൂപയും ജിഎസ്ടി കുടിശികയും ഇതിന്മേലുള്ള 8,21,290 രൂപയും പിഴയും അതിന്റെ പലിശയും ആവശ്യപ്പെട്ടാണ് കമ്പനിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. 

Zomato gets GST demand notice of four and a half crore from two states
Author
First Published Aug 29, 2024, 9:01 PM IST | Last Updated Aug 29, 2024, 9:01 PM IST

ന്യൂഡൽഹി: ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് 4.59 കോടിയുടെ ജിഎസ്ടി നോട്ടീസ്. നികുതിയും പലിശയും പിഴയും ഉൾപ്പെടെയുള്ള തുകയാണിത്. തമിഴ്നാട്ടിലെയും പശ്ചിമ ബംഗാളിലെയും ചരക്ക് സേവന നികുതി അധികൃതരാണ് കമ്പനിക്കെതിരായ നടപടി സ്വീകരിച്ചത്. അതേസമയം ടാക്സ് ഡിമാൻഡ് നോട്ടീസിനെതിരെ അപ്പീൽ നൽകുമെന്ന് സൊമാറ്റോ അറിയിച്ചു.

തമിഴ്നാട്ടിലെ നുംഗമ്പാക്കം ജിഎസ്ടി ആന്റ് സെൻട്രൽ എക്സൈസ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണറും പശ്ചിമ ബംഗാളിലെ റവന്യൂ അസിസ്റ്റന്റ് കമ്മീഷണറുമാണ് സൊമാറ്റോ കമ്പനിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിൽ 81,16,518 രൂപയും ജിഎസ്ടി കുടിശികയും ഇതിന്മേലുള്ള 8,21,290 രൂപയും പിഴയും അതിന്റെ പലിശയും ആവശ്യപ്പെട്ടാണ് കമ്പനിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. 

2017ലെ കേന്ദ്ര ജിഎസ്ടി നിയമത്തിലെ 73-ാം വകുപ്പും 2017ലെ തമിഴ്നാട് ജിഎസ്ടി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ഈ നോട്ടീസ്. സമാനമായ വകുപ്പുകളിന്മേലാണ് പശ്ചിമ ബംഗാളിലെയും നടപടി. 1,92,43,792 രൂപയാണ് പശ്ചിമ ബംഗാളിലെ നികുതി ഡിമാൻഡ്, ഇതിനൊപ്പം 19,24,379 രൂപ പിഴയും 1,58,12,070 രൂപ പലിശ ഇനത്തിലും അടയ്ക്കണമെന്ന് കമ്പനിയോട് ആവശ്യപ്പെടുന്നു. 

എന്നാൽ ഇക്കാര്യങ്ങളിൽ കമ്പനിയുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് സൊമാറ്റോ അറിയിച്ചു. എന്നാൽ ഇത് അധികൃതർ കണക്കിലെടുത്തിട്ടില്ലെന്നാണ് സൂചന. അതുകൊണ്ടു തന്നെ ഡിമാൻഡ് നോട്ടീസുകൾക്കെതിരെ അപ്പീൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സൊമാറ്റോ അറിയിച്ചു. കമ്പനിക്ക് സാമ്പത്തികമായ ഒരു ആഘാതവും ഇപ്പോഴത്തെ നടപടികളിലൂടെ ഉണ്ടാവില്ലെന്നും സൊമാറ്റോയുടെ വിശദീകരണം വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios