സംസ്ഥാനത്ത് കനത്ത മഴതുടരുന്നു. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയുടെ ഫലമായാണ് കേരളത്തില്‍ ശക്തമായ മഴപെയ്യുന്നത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴതുടരുന്നു. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴിയുടെ ഫലമായാണ് കേരളത്തില്‍ ശക്തമായ മഴപെയ്യുന്നത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അഞ്ച് ദിവസം കനത്ത മഴ തുടരും എന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികളോട് കടലില്‍ പോകരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ മഴമൂലം വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഡാമുകള്‍ എല്ലാം തുറന്നുവിട്ടു. ഇടുക്കിഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് ശക്തമായ കടലാക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് ഒരാള്‍ ഷോക്കേറ്റ് മരിച്ചു.
തിരുവനന്തപുരത്തെ പള്ളിക്കാട്, കുറ്റിച്ചാല്‍, അമ്പൂരി, വെള്ളറട തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശമുണ്ടായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കൊല്ലത്ത് കൊട്ടാരക്കര, കുന്നത്തൂര്‍, കൊല്ലം താലൂക്കുകളില്‍ മഴ തുടരുകയാണ്. അപ്പര്‍ കുട്ടനാട്ടിലും മഴ ശക്തമായി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതായും റിപ്പോര്‍ട്ടുണ്ട്. മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. ആനത്തോട് ഡാമിന്‍റെ ഷട്ടറുകളും തുറക്കേണ്ട സാഹചര്യമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പലയിടത്തും മരം കടപുഴകി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. സംസ്ഥാനത്ത് മഴ ട്രെയിന്‍ ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ എല്ലാം വൈകിയാണ് ഓടുന്നത്.
മലപ്പുറത്ത് മഴയ്ക്ക് ശമനമുണ്ടെങ്കിലും നിലമ്പൂരില്‍ മഴ തുടരുകയാണ്. കോഴിക്കോട് താമരശ്ശേരി, കോടഞ്ചേരി എന്നിവിടങ്ങളില്‍ മഴ ശക്തമായി തുടരുന്നു. താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. വടകരയടക്കമുള്ള ചില പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം തുടരുകയാണ്. പാലക്കാട് ജില്ലയില്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മലമ്പുഴ, പോത്തൂണ്ടി ഡാമുകള്‍ ഏതു സമയവും തുറക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ ശക്തി കുറഞ്ഞെങ്കിലും മഴ തുടരുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും തുടരുന്നുണ്ട്. 2395.30ലേക്ക് എത്തിയപ്പോഴാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 2397 അടിയിലേക്ക് ജലനിരപ്പ് എത്തിയാല്‍ മാത്രമേ ഷട്ടര്‍ തുറക്കാനുള്ള ട്രെയല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയുള്ളു എന്നും അധികൃതര്‍ വ്യക്തമാക്കി. 2399 അടിയിലേക്ക് ജലനിരപ്പെത്തിയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നും തുടര്‍ന്നായിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഷട്ടര്‍ തുറന്നാലുള്ള അടിയന്തിര സാഹചര്യം നേരിടാനും മുന്നറിയിപ്പു നല്‍കാനുമായി ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഷട്ടര്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികളെല്ലാം ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. ഷട്ടര്‍ തുറന്നാല്‍ ഒഴുകി വരാനുള്ള സൗകര്യത്തിനായി അടഞ്ഞു കിടക്കുന്ന കനാലില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. ആയിരം പൊലീസ് അടങ്ങുന്ന സംഘം സുരക്ഷയൊരുക്കാന്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.
