ടോക്കിയോ: ജപ്പാനിലെ എടിഎമ്മുകളില്‍ വന്‍ കവര്‍ച്ച. രണ്ടര മണിക്കൂര്‍കൊണ്ട് 1400 എടിഎമ്മുകള്‍ കൊള്ളയടിച്ചു. കവര്‍ന്നത് 85 കോടി. വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ചായിരുന്നു കൊള്ള.

100 പേര്‍ അടങ്ങുന്ന കൊള്ള സംഘമാണു കവര്‍ച്ചയ്ക്കു പിന്നിലെന്ന് അന്വേഷണ സംഘത്തെ ഉദ്ധരിച്ചു ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേയ് 15നു രാവിലെ അഞ്ചു മണിക്കും എട്ടു മണിക്കും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്. 100000 യെന്‍ വീതമാണ് 85 കോടി രൂപയും അപഹരിച്ചിട്ടുള്ളത്. ജപ്പാനില്‍ ഒരു എടിഎമ്മില്‍നിന്ന് ഒരു സമയം പരമാവധി 100000 യെന്‍ മാത്രമേ പിന്‍വലിക്കാനാകൂ.

സൗത്ത് ആഫ്രിക്കന്‍ ബാങ്കിന്റെ 1600 വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ചാണു കവര്‍ച്ച നടത്തിയത്. ഡെബിറ്റ് കാര്‍ഡിലെ രഹസ്യ വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നു എന്നതു സംബന്ധിച്ച് അന്വേഷണ സംഘം ബാങ്ക് അധികൃതരില്‍നിന്നു വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അന്വേഷണം.

ജപ്പാനില്‍ ഇതിനു മുന്‍പും വന്‍ എടിഎം കവര്‍ച്ചകളുണ്ടായിട്ടുണ്ട്.