കുടുങ്ങിയതില്‍ ഏറെയും ഇതരസംസ്ഥാനങ്ങളില്‍ നിന്നുളള ചരക്കുവാഹനങ്ങള്‍

തൃശൂർ പാലിയേക്കര ടോള്‍ പ്ലാസയില്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ എയര്‍ഹോണ്‍ പരിശോധനയിൽ ആയിരത്തിലേറെ വാഹനങ്ങള്‍ കുടുങ്ങി. എയര്‍ ഹോണ്‍ ഊരിമാറ്റി ആയിരം രൂപ പിഴയും അടപ്പിച്ചാണ് ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ വിട്ടുകൊടുത്തത്. നിരോധിച്ച എയര്‍ ഹോണുകള്‍ ഇപ്പോഴും വാഹനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് മോട്ടോര്‍വാഹനവകുപ്പ് പരിശോധന നടത്തിയത്. പാലിയേക്കര ടോള്‍ വഴി കടന്നുപോകുന്ന വാഹനങ്ങളില്‍ മൂന്നു സ്ക്വാഡുകളായി തിരിഞ്ഞ് തുടര്‍ച്ചയായ 24 മണിക്കൂറായിരുന്നു പരിശോധന.

പരിശോധനയില്‍ കുടുങ്ങിയതില്‍ ഏറെയും ഇതരസംസ്ഥാനങ്ങളില്‍ നിന്നുളള ചരക്കുവാഹനങ്ങളാണ്. സ്വകാര്യ ബസുകളും എയര്‍ ഹോണ്‍ ഉപയോഗിക്കുന്നതില്‍ പിറകിലല്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്‍റെ കണ്ടെത്തല്‍. കേരളത്തിലെ ലോറികളുടെ എയര്‍ഹോണുകള്‍ ടെസ്റ്റ് സമയത്ത് തന്നെ ഉദ്യോഗസ്ഥര്‍ ഊരിമാറ്റിയിരുന്നു. നേരത്തെ കറുകുറ്റി എസ് സിഎംഎസ് കോളേജിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠനത്തില്‍ ടോള്‍ പ്ലാസയില്‍ വൻതോതില്‍ ശബ്ദമലിനീകരണമുണ്ടെന്ന് കണ്ടെത്തിയിരുന്നു.