ഛണ്ഡീഗഡ്: ഭക്രാനംഗല്‍ കനാല്‍ വൃത്തിയാക്കുന്നതിനിടെ ലഭിച്ചത് 12 മൃതദേഹങ്ങള്‍. കനാലിന്‍റെ നര്‍വാണ ഭാഗത്ത് നിന്നുമാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. ശനിയാഴ്ച കനാലിന്റെ ഈ ഭാഗം വൃത്തിയാക്കുന്നതിനായി അടച്ചിട്ടിരിക്കുകയായിരുന്നു. 12 മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതോടെ ഈ ഭാഗത്ത് കൂടുതല്‍ മൃതദേഹങ്ങളുണ്ടോ എന്നറിയാന്‍ തെരച്ചില്‍ തുടങ്ങിയിരിക്കുകയാണ്. കനാലില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങള്‍ക്ക് ഒരു മാസം മുതല്‍ പത്ത് മാസം വരെ പഴക്കമുണ്ട്.
മൃതദേഹങ്ങളില്‍ ഒന്ന് പഞ്ചാബ് സമാനാ സ്വദേശി സത്‌നാം സിങ്ങാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹിമാചല്‍പ്രദേശില്‍ നിന്നും പഞ്ചാബില്‍ നിന്നും ഭക്രാനംഗല്‍ കനാലിലേക്ക് മൃതദേഹങ്ങള്‍ ഒഴുകി എത്തിയിട്ടുണ്ടാകാമെന്ന് മുങ്ങല്‍ വിദഗ്ധര്‍ പറയുന്നു. നംഗലില്‍ നിന്നും ആരംഭിക്കുന്ന കനാല്‍ ഹിസാറിലാണ് അവസാനിക്കുന്നത്. മുങ്ങല്‍ വിദഗ്ധരുടെ ഒരു സംഘം കനാലില്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള നടപടിയും പോലീസ് തുടങ്ങി. പഞ്ചാബില്‍ നിന്നുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം ഇത്രയധികം മൃതദേഹങ്ങള്‍ ഒരുമിച്ച് എങ്ങനെ എത്തിയെന്ന ആശങ്കയിലാണ് അധികൃതര്‍. കുളിക്കുന്നതിനിടെ മുങ്ങിമരിച്ച ആളുകളുടെ മൃതദേഹമാകാം ഇവയെന്നാണ് അഭ്യൂഹം.
