സാന്‍ ജോസ് (കോസ്റ്ററിക്ക): 12 പേരുമായി പോയ സ്വകാര്യ വിമാനം കോസ്റ്ററിക്കയുടെ മലനിരകളില്‍ തകര്‍ന്നുവീണു. മരിച്ചവരില്‍ 10 പേര്‍ യുഎസ് പൗരന്‍മാരാണ്. രണ്ടുപേര്‍ കോസ്റ്ററിക്കന്‍ പൗരന്മാരും. ഇവര്‍ പൈലറ്റുമാരാണെന്നും റിപ്പോര്‍ട്ടുണ്ട്. കോസ്റ്ററിക്കയുടെ തലസ്ഥാനമായ സാന്‍ ജോസില്‍ നിന്ന് പ്രമുഖ വിനോദ സഞ്ചാരകേന്ദ്രമായ പുന്റ ഇസ്‌ലിറ്റയിലേക്ക് പുതുവത്സരാഘോഷത്തിനായി പറക്കുകയായിരുന്നു വിമാനം. വിമാനത്തിലുണ്ടായിരുന്ന ആരും തന്നെ ജീവിച്ചിരിപ്പില്ലെന്ന് പൊതു സുരക്ഷാ മന്ത്രി ഗുസ്താവോ മാട്ട പറഞ്ഞു. യാത്രക്കാരുടെ ശരീരങ്ങള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ കത്തിനശിച്ചത് കാരണം ഓട്ടോപ്‌സി ചെയ്യേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 

ഞായറാഴ്ച വൈകുന്നേരമായിരുന്നു വിമാനം തകര്‍ന്നുവീണത്. തകര്‍ന്നുവീണയുടനെ തന്നെ തീപിടിച്ച് വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. ഗ്വാനകാസ്റ്റ് പ്രവിശ്യയിലെ ബെജുകോ നഗരത്തിന് സമീപമുള്ള മലനിരകളിലായിരുന്നു അപകടം. കോസ്റ്ററിക്കയുടെ ആഭ്യന്തര വിമാനക്കമ്പനിയായ നേച്ചര്‍ എയറിന്റെ വിമാനമാണ് തകര്‍ന്നുവീണതെന്ന് പൊതു സുരക്ഷാ മന്ത്രാലയം അറിയിച്ചു. അപകടത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.