ഉപരോധമേര്‍പ്പെടുത്തിയ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള നാല് രാജ്യങ്ങള്‍ പ്രശ്‌നപരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് വഴിയാണ് തങ്ങളുടെ ആവശ്യം ഖത്തറിനെ അറിയിച്ചത്. ഇറാനുമായുള്ള ബന്ധം കുറക്കുക, മുസ്ലിം ബ്രദര്‍ഹുഡ്, ഐഎസ്, അല്‍ഖയിദ അടക്കമുള്ള ഭീകര സംഘടനകളുമായുള്ള ബന്ധം സമ്മതിക്കുക, അല്‍ജസീറ ടെലിവിഷന്‍ ചാനല്‍ നിരോധിക്കുക തുടങ്ങി 13 ആവശ്യങ്ങളാണ് ഖത്തറിനു മുന്നില്‍ വച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ പത്തു ദിവസത്തിനുള്ളില്‍ മറുപടി അറിയിക്കണം എന്നാണ് നിര്‍ദ്ദേശം. അല്ലാത്ത പക്ഷം സമവായത്തിനുള്ള ഈ അവസരം അസാധുവാക്കുമെന്നും മുന്നറിയിപ്പു നല്‍കിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നാരോപിച്ച് മൂന്നാഴ്ച മുമ്പാണ് ഖത്തറുമായി അറബ് രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. അതേസമയം നാലായിരം ടണ്‍ ഭക്ഷ്യോത്പന്നങ്ങളുമായി തുര്‍ക്കിയില്‍ നിന്നുള്ള ആദ്യത്തെ കപ്പല്‍ ഖത്തറിലേക്ക് പുറപ്പെട്ടു. ഖര ആഹാര പദാര്‍ത്ഥങ്ങള്‍ പഴം പച്ചക്കറിയുമായി വരുന്ന കപ്പല്‍ 10 ദിവസത്തിനുള്ളില്‍ ഖത്തറിലെത്തും.