മഞ്ചേശ്വരം:  ഹര്‍ത്താലില്‍ അക്രമത്തിനും സംഘര്‍ഷത്തിനും അയവ് വരാതായതോടെ കാസര്‍ഗോഡ് മഞ്ചേശ്വരം താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം താലൂക്കിലെ സ്കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇന്ന് നടന്ന സംഘര്‍ഷത്തില്‍ മഞ്ചേശ്വരത്ത് മാത്രം നാലു പേര്‍ക്കാണ് കുത്തേറ്റത്. ശബരിമല കർമ്മസമിതിയുടെ ഹർത്താലിൽ കേരളം കണ്ടത് സമാനതകളില്ലാത്ത അക്രമമായിരുന്നു. 

സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ ബോംബറിഞ്ഞും അക്രമം നടത്തിയും കലാപകാരികൾ അഴിഞ്ഞാടുകയായിരുന്നു. കാസര്‍ഗോട്ട് ബിജെപി നേതാവ് ഗണേഷിനെ ബൈക്കിലെത്തിയ സംഘം കുത്തിപ്പരുക്കേൽപ്പിച്ചു.  കന്യപ്പാടി റോഡിൽ ഗതാഗതം തടസ്സപ്പെടുത്തി നിരത്തിയ കല്ലിൽ തട്ടി വാഹനം മറിഞ്ഞ് ബദിയടുക്ക സ്വദേശി ഐത്തപ്പ ഭാര്യ സുശീല എന്നിവർക്ക് പരിക്കേറ്റു. നഗരത്തിലും കാഞ്ഞങ്ങാടും മഞ്ചേശ്വരത്തും അക്രമങ്ങളുണ്ടായി. 

കാഞ്ഞങ്ങാട് പോലീസ് ഗ്രനേഡ് ഉപയോഗിച്ചാണ് അക്രമികളെ പിരിച്ചുവിട്ടത്. കാസര്‍ഗോഡ് ശബരിമല കർമ സമിതി നടത്തിയ പ്രകടനത്തിൽ കല്ലേറിൽ രണ്ട് പേർക്ക് പരിക്കേറ്റു. മഞ്ചേശ്വരം ബന്ദിയോട് 2 കാറും 20 ഓളം കടകളും തകർത്തു. ബേക്കൽ പള്ളിക്കരയിൽ സിപിഐ എം കൂട്ടക്കനി ബ്രാഞ്ച് ഓഫീസ് തകർത്തു. കാസര്‍ഗോഡ് വിനോദ സഞ്ചാരികൾക്ക് നേരെ അക്രമമുണ്ടായി.