രണ്ടര വര്‍ഷം നീണ്ട അന്വേഷണത്തില്‍ കൊലപാതകത്തിന്റെ തുമ്പൊന്നും കിട്ടിയില്ല, സൂചനകള്‍ നല്‍കുന്നവര്‍ക്കായി വന്‍തുക പ്രഖ്യാപിച്ച് അന്വേഷണ സംഘം.
വിര്‍ജീനിയ: രണ്ടര വര്‍ഷം നീണ്ട അന്വേഷണത്തില്‍ കൊലപാതകത്തിന്റെ തുമ്പൊന്നും കിട്ടിയില്ല, സൂചനകള്‍ നല്‍കുന്നവര്‍ക്കായി വന്‍തുക പ്രഖ്യാപിച്ച് അന്വേഷണ സംഘം. പതിനാറു ലക്ഷം രൂപ പ്രതിഫലമാണ് 83കാരനായ ലോക ബാങ്കിലെ സാമ്പത്തിക വിദഗ്ധന്റെ കൊലപാതകത്തില്‍ സൂചനകള്‍ നല്‍കുന്നവരെ കാത്തിരിക്കുന്നത്. 2016 മാര്‍ച്ച് 11 നാണ് വിര്‍ജീനിയയിലെ സ്വവസതിയില്‍ വച്ച് വെടിയേറ്റ് ലോകബാങ്കിലെ സാമ്പത്തിക വിദഗ്ധനായ ജൊഹാന്‍ ഡേ ലീഡേ കൊല്ലപ്പെടുന്നത്. പുലര്‍ച്ചെ ഒരു മണിയോട് അടുത്താണ് ജൊഹാന് വെടിയേല്‍ക്കുന്നത്.
രണ്ടര വര്‍ഷത്തോളം കേസില്‍ അന്വേഷിച്ചിട്ടും കാര്യമായ പുരോഗതി ഉണ്ടാവാത്തതിന് പിന്നാലെയാണ് വന്‍തുക പ്രതിഫലവുമായി അന്വേഷണസംഘമെത്തിയിരിക്കുന്നത്. ഫോണ്‍കോളുകളും ജൊഹാനോട് എതിര്‍പ്പുള്ളവരുമായി നിരവധി പേരെ വിസ്തരിച്ചെങ്കിലും പ്രത്യേകിച്ച് ഒരു നിഗമനത്തില്‍ എത്താന്‍ പൊലീസ് അന്വേഷണം പരാജയപ്പെട്ടിരുന്നു. ലോകബാങ്കില്‍ നിന്ന് വിരമിച്ച ശേഷം കുടുംബത്തിനൊപ്പം ലളിത ജീവിതം നയിച്ചിരുന്ന ജൊഹാന് ആരുമായും ശത്രുതയുള്ളതായി അറിവില്ല.
എന്നാല്‍ ജൊഹാന് വെടിയേറ്റ സമീപത്ത് വീടിന് സമീപത്തൂടെ അമിതവേഗതയില്‍ ഇരുണ്ട നിറമുള്ള ട്രെക്ക് പോവുന്നത് കണ്ടെന്ന ദൃക്സാക്ഷികളുടെ മൊഴിയെ തുടര്‍ന്ന് ട്രെക്ക് കണ്ടെത്താനായി നടത്തിയ അന്വേഷണവും ഫലവത്തായിരുന്നില്ല. ഈ ട്രെക്ക് ലൈറ്റുകള്‍ തെളിച്ചിരുന്നില്ലെന്നും സംഭവത്തിന് മുന്‍പോ അതിന് ശേഷമോ ഈ വാഹനം കണ്ടിട്ടില്ലെന്നുമാണ് ദൃക്സാക്ഷികളുടെ മൊഴി. അന്വേഷണത്തിന് കൃത്യമായ ദിശ നല്‍കുന്ന സൂചനയ്ക്ക് വന്‍തുക വാഗ്ദാനം നല്‍കിയതോടെ ആരെങ്കിലും അന്വേഷണ സംഘത്തെ സമീപിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസുള്ളത്. അന്വേഷണത്തില്‍ പൊലീസ് പരമാവധി ശ്രമിച്ചിരുന്നെന്നും എന്നാല്‍ തെളിവുകളിലേക്ക് എത്തിച്ചേരാനായില്ലെന്ന് പ്രതിഫലം വാഗ്ദാനം ചെയ്തു കൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ അന്വേഷണസംഘത്തിന്റെ ചുമതലയുള്ളവര്‍ വിശദമാക്കി.
