ചെന്നൈ: തമിഴ്‌നാട്ടില്‍ കൊയ്ത്തുത്സവത്തിനോട് അനുബന്ധിച്ച് നടന്ന ജല്ലിക്കെട്ടില്‍ ഒരാള്‍ മരിച്ചു. മധുരയിലെ പാലമേട് ജല്ലിക്കട്ടിനിടെ ഡിണ്ടിഗല്‍ ജില്ലയിലെ സനാര്‍പട്ടി സ്വദേശി എസ് കാളിമുത്തുവാണ് മരിച്ചത്. ജല്ലിക്കട്ട് ആഘോഷം കണ്ടുനില്‍ക്കെ ഫിനിഷിംഗ് പോയിന്റിനടുത്തുവെച്ചാണ് പത്തൊമ്പതുകാരനായ കാളിമുത്തുവിനെ കാള ആക്രമിച്ചത്.
ജല്ലിക്കട്ട് മത്സരത്തിനിടെ 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 6 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ആവണിയപുരത്ത് നടന്ന ജല്ലിക്കട്ട് മത്സരത്തിനിടെ 22 പേര്‍ക്ക് പരിക്കേറ്റിരുന്നു. മത്സരത്തില്‍ പങ്കെടുത്ത ആറ് പേര്‍ക്കും കാണാനെത്തിയ 16 പേര്‍ക്കുമാണ് പരിക്കേറ്റത്. 2014ല്‍ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. എന്നാല്‍ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കോടതി വിധിയെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരികയായിരുന്നു.
മൃഗക്ഷേമ ബോര്‍ഡിന്റെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ജല്ലിക്കട്ട് മത്സരങ്ങള്‍ നടക്കുന്നത്. 10 മെഡിക്കല്‍ സംഘങ്ങളുള്‍പ്പടെ മൃഗങ്ങള്‍ക്കും മത്സരാര്‍ഥികള്‍ക്കും വേദിയില്‍ ചികിത്സാസൗകര്യങ്ങളൊരുക്കണമെന്നാണ് ചട്ടം. 500 പൊലിസുദ്യോഗസ്ഥരടക്കം കര്‍ശനസുരക്ഷാ സന്നാഹങ്ങളും വേദിയ്ക്ക് പുറത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
