ബംഗലൂരു: ബംഗളുരുവിലെ ബലന്തൂറില്‍ നിര്‍മാണത്തിലിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. കെട്ടിടത്തിനകത്ത് കുടുങ്ങിയ അഞ്ചു പേരെ രക്ഷിച്ചു. കെട്ടിടം തകര്‍ന്നുവീഴുന്ന ശബ്ദം കേട്ട് ഒടിയെത്തിയ തൊട്ടടുത്ത കെട്ടിടത്തിന്റെ സുരക്ഷ ജീവനക്കാരന്‍ തലയില്‍ കല്ല് വീണ് സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു.
പന്ത്രണ്ടരയോടെ ബെലന്തൂര്‍ റിംഗ് റോഡിനരികില്‍ നിര്‍മാണത്തിലിരിക്കുകയായിരുന്ന കെട്ടിടം തകര്‍ന്നുവീഴുമ്പോള്‍ പതിനഞ്ച് പേരാണ് കെട്ടിടത്തിനകത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നത്.വലിയ ശബ്ദം കേട്ടതോടെ തൊഴിലാളികള്‍ പലരും പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. എന്നാല്‍ എട്ട് പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങി.
അഗ്നിശമന സേനയും ദേശീയ ദുരന്തനിവാരണ സേനയും പൊലീസും ഉടന്‍ എത്തി കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തു. പരിക്കേറ്റവരില്‍ എട്ടുവയസുകാരനുമുണ്ട്. നിയമം ലംഘിച്ചാണ് കെട്ടിട നിര്‍മാണം നടന്നിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പേയിംഗ് ഗസ്റ്റ് സംവിധാനമൊരുക്കുന്നതിനായി മൂന്ന് മാസം കൊണ്ടാണ് അഞ്ച് നില കെട്ടിടം പണിതുയര്‍ത്തിയതെന്ന് പ്രദേശവാസികള്‍ പറയുന്നു.
