കാസര്‍ഗോഡ്: ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ രണ്ടു മലയാളികളെ കൂടി കാണാതായി. ഇവരും ഐഎസില്‍ ചേര്‍ന്നെന്നാണ് സംശയിക്കുന്നത്. കാസര്‍ഗോഡ് ജില്ലയിലെ പടന്ന സ്വദേശികളായ ഇവര്‍ ജൂണ്‍ 13ന് ജോലി സ്ഥലത്തു നിന്നും നാട്ടിലേയ്ക്ക് എന്നു പറഞ്ഞു പോന്നിരുന്നു. എന്നാല്‍ ഇവര്‍ കേരളത്തില്‍ എത്തിയില്ല. 

ഖത്തര്‍, അബുദാബി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഇവരില്‍ ഒരാള്‍ പടന്ന സ്വദേശി മുഹമ്മദ് സാജുദ്ദീന്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചെറിയ പെരുന്നാള്‍ ദിവസം മുഹമ്മദ് സാജുദ്ദീന്‍ ഇനി നാട്ടിലേയ്ക്ക് ഇല്ലെന്ന് അറിയിച്ച് ബന്ധുക്കള്‍ക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് ഇവര്‍ ഐഎസില്‍ ചേര്‍ന്നെന്ന് സംശയിക്കുന്നുവെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചത്. ചന്തേര പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരെക്കുറിച്ച് ഒരു സൂചനയും പോലീസിന് ലഭിച്ചിട്ടില്ല.