റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരികളെയാണ് ഡ്യൂട്ടിയ്ക്കിടെ ആസിഡ് കഴിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിയില്‍ നിന്ന് രാജിവച്ച പെണ്‍കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാത്തത് ആത്മഹത്യക്ക് പ്രേരിപ്പിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായി പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ആരോപിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഒറ്റപ്പാലം വാണിയംകുളം പി കെ ദാസ് മെഡിക്കല്‍ കോളേജിലെ റേഡിയോളജി വിഭാഗത്തിലെ രണ്ട് ജീവനക്കാരികളെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവരെ ആസിഡ് ഉള്ളില്‍ച്ചെന്ന് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും ഇതേ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാണ്. ബോണ്ട് അടിസ്ഥാനത്തില്‍ ജോലി ചെയത് വരികയായിരുന്നു അകലൂര്‍ സ്വദേശിയായ പെണ്‍കുട്ടി. പനമണ്ണ സ്വദേശിയായ പെണ്‍കുട്ടി ബോണ്ടിനു ശേഷം സ്ഥിരം ജീവനക്കാരിയായി കഴിഞ്ഞ മൂന്നു മാസമായി ജോലി നോക്കുന്നു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ട് സ്ഥാപനത്തില്‍ നിന്ന് രാജിവെച്ച ഇരുവരുടേയും അവസാന പ്രവര്‍ത്തി ദിവസമായിരുന്നു ഇന്നലെ. ഇന്നലെത്തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടേണ്ടിയിരുന്നെന്നും ഇത് നല്‍കാത്തത് ആത്മഹത്യക്ക് പ്രേരിപ്പിച്ചിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായും പെണ്‍കുട്ടികളിലൊരാളുടെ അച്ചന്‍ പറഞ്ഞു.

അതേ സമയം പിരിയാനാകാത്ത സൗഹൃദമാണ് കുട്ടികളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചിട്ടുണ്ടാകുക എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അത്യാസന്ന നിലയിലായ ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഒറ്റപ്പാലം ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് പ്രിയ ആശുപത്രിയിലെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.