തിരൂര്‍: തിരൂരിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതത്തില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊലപാതകത്തിലെ ഗൂഡാലോചന കേസിലെ പ്രതികളാണ് ഇരുവരും.

തിരൂര്‍ കാഞ്ഞിരക്കുറ്റി സ്വദേശി സുഹൈല്‍ പറവണ്ണ സ്വദേശി മുഹമ്മദ് അന്‍വര്‍ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കൊടിഞ്ഞി ഫൈസലിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് ആ കേസിലെ രണ്ടാം പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിപിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ സുഹൈലും മുഹമ്മദ് അന്‍വറും തിരൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക ഭാരവാഹികള്‍ കൂടിയാണ്. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ അറസ്റ്റിലായ വിപിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന ജാമ്യത്തിലറങ്ങുന്നതിനു മുമ്പേ തന്നെ ഇരുവരും നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

വിപിന്‍ വധകേസിലെ ആദ്യത്തെ അറസ്റ്റാണ് ഇത്.കൊലയാളി സംഘത്തിലെ ചിലരെ പൊലീസ് ഇതിനകം തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകാതെ ഇവരുടെ അറസ്റ്റും രേഖപ്പെടുത്തും.