ദില്ലി: മധ്യപ്രദേശില്‍ രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്തു. കുട്ടിയെ പീഡിപ്പിച്ച 18 കാരനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്ത് പൊലീസില്‍ ഏല്‍പ്പിച്ചു. ശിവപുരി ജില്ലയിലെ ഖാനിയാധനയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ദിവാസ് ഏലിയാസ് ഭുറ വാല്‍മികി എന്നയാളാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്.

കുട്ടിയുടെ അലര്‍ച്ച കേട്ടെത്തിയ അയല്‍വാസികളായ സ്ത്രീകള്‍ കുട്ടിയെ വായ പൊത്തിപ്പിടിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ക്ഷുഭിതരായ ജനക്കൂട്ടം മദ്യശാലകളടക്കമുള്ള കടകള്‍ അടപ്പിച്ചു.

പ്രതിയെ വിട്ടുതരണമെന്നാവശ്യപ്പെട്ട് ജനക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ തടിച്ചുകൂടിയത് വന്‍ ക്രമസമാധാന ഭീഷണി ഉയര്‍ത്തി. ഒരു ഘട്ടത്തില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് പ്രതിയെ കൈകാര്യം ചെയ്യാന്‍ ശ്രമം നടന്നതായും ഇപ്പോള്‍ കാര്യങ്ങല്‍ നിയന്ത്രണ വിധയമാണെന്നും പൊലീസ് പറഞ്ഞു.