ഒരു മരണവീട്ടില്‍ നിന്ന് ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ട്രക്ക് ആദ്യം സമീപത്തുള്ള ചെറിയ വഴിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് 1,300 അടി താഴ്ചയില്‍ പുഴയിലേക്ക് മറിഞ്ഞു 

കാഠ്മണ്ഡു: നേപ്പാളില്‍ ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് യാത്രക്കാരായ 20 പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാഠ്മണ്ഡുവില്‍ നിന്ന് 70 കിലോമീറ്റര്‍ വടക്കാണ് സംഭവം നടന്നത്. 

ഒരു മരണവീട്ടില്‍ നിന്ന് ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ട്രക്ക് ആദ്യം സമീപത്തുള്ള ചെറിയ വഴിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന 14 പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. 

തുടര്‍ന്ന് ട്രക്ക് 1,300 അടി താഴ്ചയില്‍ പുഴയിലേക്ക് മറിഞ്ഞു. ട്രക്കിലുണ്ടായിരുന്നവരാണ് മരിച്ച 20 പേരും. ഇതില്‍ 18 പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിക്കുകയായിരുന്നു. ബാക്കി രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. 

ട്രക്കില്‍ എത്രയാളുകള്‍ ഉണ്ടായിരുന്നുവെന്ന് അറിയാത്തതിനാല്‍ പൊലീസ് പുഴയില്‍ തെരച്ചില്‍ തുടരുകയാണ്. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.