ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷമെന്ന് യുഎസ്. 137 വര്‍ഷത്തെ കാലാവസ്ഥാ പഠനങ്ങളെ അവലംബിച്ചാണ് അമേരിക്കന്‍ റിപ്പോര്‍ട്ട്. സമുദ്ര- ഭൗമതാപനിലകള്‍ അപകടകരമായ വ്യതിയാനമാണ് 2016ല്‍ രേഖപ്പെടുത്തിയത്. സമുദ്രനിരപ്പും ഹരിതഗൃഹവാതക ബഹിര്‍ഗമനവും കഴിഞ്ഞ വര്‍ഷം സര്‍വകാല റെക്കോര്‍ഡിലെത്തി. ആഗോളതാപനത്തിന്‍റെ തുടര്‍ച്ചയാണ് ചൂടേറുന്ന പ്രതിഭാസമെന്ന് റിപ്പോര്‍ട്ട് പറയുന്നു. 60 രാജ്യങ്ങളിലെ 450 ശാസ്ത്രജ്ഞന്‍മാരുടെ കണ്ടെത്തലുകള്‍ ക്രോഡീകരിച്ചാണ് അമേരിക്ക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

കാര്‍ബണ്‍ വാതക പ്രവാഹം 2015നെക്കാള്‍ 3.5 പിപിഎം ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. 58 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതിന്‍റെ തുടര്‍ച്ചയായി ഭൗമതാപനില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. എല്‍നിനോ പ്രതിഭാസം ശക്തമായതിനാല്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സമുദ്രതാപനില റെക്കോര്‍ഡിലെത്തുന്നത്. 1980- 2012 കാലഘട്ടത്തിനെക്കാള്‍ 0.45 മുതല്‍ 0.56 ശതമാനം വരെയാണ് സമുദ്രതാപനിലയിലെ ഉയര്‍ച്ച. സമുദ്രനിരപ്പ് 1993ല്‍ നിന്ന് 3.25 ഇഞ്ച് (82എംഎം) ഉയര്‍ന്നതായി റിപ്പോര്‍ട്ടിലുണ്ട്.
