കഴിഞ്ഞ ഏതാനും നാളുകളായി ജയിലില്‍ നടന്നുവന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ വെച്ചാണ് തടവുകാരില്‍ ഇത്രയധികം പേര്‍ക്ക് എച്ച്.ഐ.വി അണുബാധയുണ്ടെന്ന് കണ്ടെത്തിയത്

ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ജയിലില്‍ വനിതകളുള്‍പ്പെടെ 23 തടവുകാര്‍ക്ക് എച്ച്.ഐ.വി അണുബാധ സ്ഥിരീകരിച്ചു. ഇവരില്‍ ഏറെ പേരും വിചാരണ തടവുകാരാണെന്നും അണുബാധയുടെ കാരണം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഏതാനും നാളുകളായി ജയിലില്‍ നടന്നുവന്ന മെഡിക്കല്‍ ക്യാമ്പുകളില്‍ വെച്ചാണ് തടവുകാരില്‍ ഇത്രയധികം പേര്‍ക്ക് എച്ച്.ഐ.വി അണുബാധയുണ്ടെന്ന് കണ്ടെത്തിയത്. യു.പി സ്റ്റേറ്റ് എയ്ഡ്‍സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ച വനിതകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ നിന്ന് എ.ആര്‍.ടി ചികിത്സ നല്‍കി വരികയാണെന്ന് സൂപ്രണ്ട് രാംധനി മിശ്ര പറഞ്ഞു. അതേസമയം രോഗബാധ എങ്ങനെയുണ്ടായി എന്ന് കണ്ടെത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ജയിലിലെ 1400 തടവുകാരെ ഇതിനോടകം തന്നെ പരിശോധിച്ചുകഴിഞ്ഞു. ഇനി 400 പേര്‍ അവശേഷിക്കുന്നുണ്ട്.

ഒരു ജയിലില്‍ മാത്രം ഇത്രയധികം പേര്‍ക്ക് അണുബാധ കണ്ടെത്തിയതോടെ സംസ്ഥാനത്തെ മറ്റ് ജയിലുകളിലും സമാനമായ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുമെന്ന് ജയില്‍ ഐ.ജി പ്രമോദ് കുമാര്‍ മിശ്ര പറഞ്ഞു. രോഗികള്‍ക്ക് മരുന്നും ബോധവത്കരണവും നല്‍കാനാണ് തീരുമാനം.