24 ലക്ഷം ഒഴിവുകളില്‍ ഇതുവരെയും നിയമനം നല്‍കിയിട്ടില്ലെന്ന് കണക്കുകള്‍

ദില്ലി: തൊഴിലില്ലായ്മയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ 24 ലക്ഷം ഒഴിവുകളില്‍ ഇതുവരെയും നിയമനം നല്‍കിയിട്ടില്ലെന്ന് കണക്കുകള്‍. പാര്‍ലമെന്‍റില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മറുപടിയിലാണ് ഇത്രയും ഒഴിവുകള്‍ രാജ്യത്തുണ്ടെന്ന് വ്യക്കമാക്കിയിരിക്കുന്നത്.

ഫെബ്രുവരി 8 ന് രാജ്യസഭയില്‍ അധ്യാപന മേഖലയില്‍ 10 ലക്ഷം ഒഴിവുകളുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. 9 ലക്ഷം ഒഴിവുകള്‍ പ്രാഥമിക വിദ്യാലയങ്ങളിലും ഒരു ലക്ഷം ഒഴിവുകള്‍ ഹയര്‍സെക്കന്‍ററി വിദ്യാലയങ്ങളിലും ഉണ്ടെന്നായിരുന്നു കണക്കുകള്‍. 

റെയില്‍വേയില്‍ 2.5 ലക്ഷം, പൊലീസ് സേനയില്‍ 5.4 ലക്ഷം, അംഗനവാടികളില്‍ 2.2 ലക്ഷം, ഡിഫന്‍സില്‍ 1.2 ലക്ഷം ഒഴിവുകളുമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. തപാല്‍ വകുപ്പില്‍ 54000 ഒഴിവുകളും ആരോഗ്യ മേഖലയില്‍ 1.5 ലക്ഷം ഒഴിവുകളും ഇതുവരെ നികത്തിയിട്ടില്ല.

ഇതില്‍ 16000 ഒഴിവുകള്‍ ഡോക്ടര്‍മാരുടേതും ബാക്കിയുള്ള ഒഴിവുകള്‍ നഴ്സിംഗ് സ്റ്റാഫുകളുടേതുമാണ്. 2018 ല്‍ പല സമയങ്ങളിലായി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ മറുപടികള്‍ ക്രോഡീകരിച്ച് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളാണ് ഇത്.