റായ്പൂര്‍: ഛത്തീസ്ഗഢിൽ അമ്മയെ വെട്ടിനുറുക്കി ചോര കുടിച്ച് മകന്റെ നരബലി. ദുർമന്ത്രവാദിയായ ദിലീപ് യാദവാണ് പുതുവർഷത്തലേന്ന് നാടിനെ നടുക്കിയ നരബലി നടത്തിയത്. കൊലപാതകശേഷം ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതാകം നടന്നത്. ദൂർമന്ത്രവാദിയായ ദിലീപ് യാദവാണ് സ്വന്തം അമ്മ സുമരിയയെ ക്രൂരമായ നരബലിക്കിരയാകിയത്. മന്ത്രവാദ ക്രിയകൾക്കിടെ ദിലീപ് യാദവ്  കോടാലിയുപയോഗിച്ച് സുമരിയയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടുകയായിരുന്നു.

കൊലപാതകത്തിന് ദൃക്സാക്ഷിയായ അയൽവാസി പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അസാധാരണ ശബ്ദങ്ങൾ കേട്ട് വീട്ടിലെത്തുന്പോൾ സുമരിയയുടെ രക്തം കുടിക്കുന്ന ദിലീപ് യാദവിനെയാണ് കണ്ടതെന്ന് അയൽവാസി പൊലീസിൽ മൊഴി നൽകി.

കൊലപാതകശേഷം മൃതദേഹം ചെറു കഷണങ്ങളാക്കി തീയിലേക്കെറിഞ്ഞ് കത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ചാരവും എല്ലിൻ കഷണങ്ങളുമാണ് കിട്ടിയത്. ഒളിവിൽ പോയ ദിലീപ് യാദവിനായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.