കുവൈത്ത് സിറ്റി: കുവൈറ്റ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമായി. പതിനഞ്ചാം ദേശീയ അസംബ്ലിയിലേക്കു മത്സരിക്കുന്ന 287 സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക കുവൈറ്റ് ആഭ്യന്തരമന്ത്രാലയം പ്രസിദ്ധപ്പെടുത്തി. ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 455 പേരാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നത്. ഇവരില്‍ 128 പേര്‍ സ്വമേധയാ പിന്‍വാങ്ങുകയായിരുന്നു. 40 പേരുടെ സ്ഥാനാര്‍ഥിത്വത്തിന് തെരഞ്ഞെടുപ്പ് വകുപ്പ് അയോഗ്യത കല്‍പിച്ച് പുറത്താക്കുകയായിരുന്നു.

ഇതോടെയാണ് അന്തിമ പട്ടികയില്‍ 287-പേരായത്. അഞ്ച് നിയോജക മണ്ഡലങ്ങളില്‍നിന്നുള്ള 50 സീറ്റുകളിലേക്ക് പത്തുവീതം പ്രതിനിധികളെ വോട്ടര്‍മാര്‍ 26 നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ നിര്‍ണയിക്കും. അന്തിമ പട്ടികയനുസരിച്ച് ഒന്നാം മണ്ഡലത്തിലെ പത്തു സീറ്റുകളിലേക്ക് 52 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇവിടെ 13 പേര്‍ മത്സരരംഗത്തുനിന്നു പിന്‍വാങ്ങുകയും ഏഴു പേരെ തെരഞ്ഞെടുപ്പ് വകുപ്പ് അയോഗ്യരാക്കുകയും ചെയ്തു.

രണ്ടാം മണ്ഡലത്തില്‍ 44 സ്ഥാനാര്‍ഥികള്‍ ജനവിധി തേടും. ഇവിടെ 12 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുകയും അഞ്ചുപേരെ തെരഞ്ഞെടുപ്പ് വകുപ്പ് അയോഗ്യരാക്കുകയും ചെയ്തു. മൂന്നാം മണ്ഡലത്തില്‍ ഏഴുപേര്‍ നാമനിര്‍ദേശപത്രിക പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് വകുപ്പ് അയോഗ്യത കല്‍പിച്ച് പുറത്താക്കിയ അഞ്ചുപേര്‍ക്കുശേഷം മണ്ഡലത്തില്‍ 54 സ്ഥാനാര്‍ഥികളുണ്ട്.

നാലാം മണ്ഡലത്തില്‍ 116 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരില്‍ 37 പേര്‍ പിന്‍വാങ്ങുകയും 11 പേരെ അയോഗ്യരാക്കുകയും ചെയ്തതിനാല്‍ അന്തിമ പട്ടികയില്‍ 68 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. അഞ്ചാം നിയോജക മണ്ഡലത്തില്‍ 140 സ്ഥാനാര്‍ഥികളാണ് പ്രാഥമിക പട്ടികയിലുണ്ടായിരുന്നത്. സ്ഥാനാര്‍ഥി പട്ടിക പുതുക്കിയപ്പോള്‍ 69 പേര്‍ മാത്രമാണ് മത്സരരംഗത്തുള്ളത്. 59 പേര്‍ സ്വയം പിന്‍വാങ്ങുകയും 12 പേരെ അയോഗ്യരാക്കുകയും ചെയ്തിരുന്നു.