തിരുവനന്തപുരം: ഒപ്പം താമസിക്കാനെത്തിയ മധ്യവയസ്കനിൽ നിന്നും പണം തട്ടിയെടുത്ത ശേഷം കൊലപ്പെടുത്താൻ ശ്രമിച്ച കാമുകനും രണ്ടാം ഭാര്യയും മകനും അറസ്റ്റിൽ. തന്ത്രപരമായാണ് 53 കാരിയായ സ്ത്രീയെ മാന്നാർസ്വദേശി പ്രവീണും രണ്ടാം ഭാര്യയും ചേർന്ന് ചതിയിൽപ്പെടുത്തിയത്. കരമന പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തെ പുഞ്ചക്കരിയിലാണ് പ്രവീണും രണ്ടാം ഭാര്യ മഞ്ചുവും രണ്ടു മക്കളും താമസിക്കുന്നത്. രണ്ടു വ‍ർഷം മുമ്പ് മാന്നാർ സ്വദേശിയായ പ്രവീണിൻറെ ആദ്യ ഭാര്യ ദുരുഹ സാഹചര്യത്തിൽ മരിച്ചിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ രണ്ടു മക്കള്‍ക്കൊപ്പം തിരുവനന്തപുരത്തേക്ക് താമസം മാറിയത്. 

ഇതിനിടെ ആറ്റുകാൽ ബണ്ടുകോളനി സ്വദേശിയായ 53 കാരിയായ സ്ത്രീയെ പ്രവീണ്‍ പരിചയപ്പെട്ടു. ഒപ്പമുള്ളത് സഹോദരിയും മക്കളുമെന്നാണ് 53കാരിയായ സ്ത്രീയ പ്രവീണ്‍ വിശ്വസിപ്പിച്ചത്. 53 കാരിയുടെ വസ്തു വിറ്റ ഒന്നേമുക്കാൽ ലക്ഷം രൂപയുമായി പ്രവീണിനൊപ്പം താമസിക്കാൻ ഇറങ്ങിപുറപ്പെട്ടു. 

മാന്നാറിലെ വീട്ടിൽ താമസം തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് പ്രവീണും മഞ്ചുവും മൂത്ത മകനും കൂടി കഴിഞ്ഞ വെള്ളിയാഴ്ച സ്ത്രീയെ അച്ചൻകോവിൽ ആറിന്‍റെ തീരത്തെത്തിച്ചു. പണം തട്ടിയെടുത്തശേഷം മൂന്നു പേരും കൂടി 53കാരിയെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.

നാട്ടുകാർ രക്ഷപ്പെടുത്തിയ 53കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് അന്വേഷണം നടത്തിയത്. 53 കാരി മരിച്ചുവെന്ന ധാരണയിൽ തട്ടിയെടുത്ത പണം ഉപയോഗിച്ച് സ്വർണവും വസ്ത്രിങ്ങളും പ്രതികള്‍ വാങ്ങിയിരുന്നു. 

പ്രായപൂർത്തിയാകാത്ത പ്രവീണിന്‍റെ മകനയെും പ്രതിയാക്കിയാണ് കേസ്. പ്രതികളിൽ നിന്നും തട്ടിയെടുത്ത പണത്തിൽ നിന്നുള്ള 42000 രൂപയും കണ്ടെത്തിയിട്ടുണ്ട്. പ്രവീണിന്‍റെ ആദ്യഭാര്യയുടെ ദുരഹമരണവും മാന്നാർ പൊലീസ് അന്വേഷിച്ചു വരികയാണ്.