കൊല്ലം: കൊല്ലം ചിതറയില്‍ സ്ത്രീയെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ റിമാന്‍ഡില്‍. കടയ്ക്കല്‍ സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേസിലെ മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ഈ മാസം 12നാണ് ചിതറയില്‍ 43 വയസുള്ള സ്ത്രീയെയും മകന്റെ സുഹൃത്തിനെയും ഒരു സംഘം സദാചാരഗുണ്ടകള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ സ്ത്രീയുടെ പരാതിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായതുമില്ല. യുവാവിന്റെ പരാതിയില്‍ മാത്രം കേസെടുത്ത പൊലീസ് പിടികൂടിയ ഏഴു പേരെയും അന്ന് തന്നെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നത്. തുടര്‍ന്ന് കടക്കല്‍ സിഐയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. ചിതറ സ്വദേശികളായ സബീര്‍, ഇര്‍ഷാദ്, റിയാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനിരയായ സ്ത്രീ നല്‍കിയ പരാതിയിലാണ് നടപടി. പിടിയിലായ മൂന്ന് പേരെയും പൊലീസ് നേരത്തെ യുവാവിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടതാണ്. കേസില്‍ പിടികൂടാനുള്ള മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കടയ്ക്കല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.