ജീവിതം അങ്ങനെയാണ്. അപ്രതീക്ഷിതമായി ചില ട്വിസ്റ്റുകളിലൂടെയാവും അത് നമ്മെ അമ്പരപ്പിക്കുന്നത്. ഒരു പക്ഷേ അത്തരമൊരു അമ്പരപ്പിലാവും എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും നിലവില്‍ ബിഹാര്‍ ഗവര്‍ണറുമായ രാംനാഥ് കോവിന്ദും.
കാരണം കഴിഞ്ഞ മാസമാണ് കോവിന്ദിന് രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിയില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിക്കപ്പെടുന്നത്. ഏതാനും ആഴ്ചകള്‍ക്കകം രാഷ്ട്രപതിയാകുകയാണ് അതേ മനുഷ്യന്‍. എങ്ങനെ അമ്പരക്കാതിരിക്കും. അക്കഥ ഇതാണ്.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിന് മൂന്നാഴ്ച മുമ്പാണ് സംഭവം.കഴിഞ്ഞ മാസം 28നാണ് രാം നാഥ് കോവിന്ദ് കുടുംബസമേതം ഹിമാചല്‍പ്രദേശ് സന്ദര്‍ശിക്കുന്നത്. ഇവിടെ മശോബ്ര മലനിരകളിലാണ് രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതി. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച വസതി സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് അഡ്‌വാന്‍സ്ഡ് സ്റ്റഡിക്ക് കൈമാറുകയായിരുന്നു. രാഷ്ട്രപതി വര്‍ഷത്തിലൊരിക്കല്‍ ഇവിടെയെത്തി താമസിക്കാറുമുണ്ട്. രാഷ്ട്രപതിയുടെ ഓഫീസാണ് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. രാഷ്ട്രപതിയുടെ ഓഫീസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വസതിയിലേക്ക് പ്രവേശിക്കാനാവില്ല.
നാടുചുറ്റിക്കാണുന്നതിനിടയില്‍ ഈ വേനല്‍ക്കാല വസതി കൂടി സന്ദര്‍ശിക്കണമെന്ന് കോവിന്ദിന് മോഹം തോന്നി. ആവുംവിധം ശ്രമിച്ചെങ്കിലും നടന്നില്ല. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന കാരണത്താലും കോവിന്ദിന് സന്ദര്‍ശനാനുമതി നിരസിക്കപ്പെട്ടു. രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുവാദം ഇല്ലാതെ ആരെയും പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് ജീവനക്കാര്‍ അദ്ദേഹത്തെ അറിയിച്ചു. എന്നാല്‍ പ്രവേശനം നിഷേധിക്കപ്പെട്ട രാംനാഥ് കോവിന്ദ് അനുമതിക്കായി ആരെയും വിളിച്ചൊന്നുമില്ല. പകരം ഷിംലയിലുള്ള ഗവര്‍ണറുടെ വസതിയിലേക്ക് മടങ്ങി. അതേ രാംനാഥ് കോവിന്ദിനാണ് ആഴ്ചകള്‍ക്കകം രാഷ്ട്രപതിയാകാനുള്ള യോഗമെത്തയിരിക്കുന്നത്!
രാംനാഥ് കോവിന്ദ് കഴിഞ്ഞ മാസം ഹിമാചല്‍പ്രദേശ് സന്ദര്‍ശിച്ചിരുന്നതായി ഹിമാചല്‍ ഗവര്‍ണര്‍ ആചാര്യ ദേവ്വ്രതിന്റെ ഉപദേശകന്‍ ശശികാന്ത് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രസിഡന്റിനായി നിര്‍മ്മിച്ച കല്യാണി ഹെലിപാഡിലാണ് രാംനാഥ് കോവിന്ദ് വിമാനമിറങ്ങിയത്. കോവിന്ദും ഭാര്യയും ഔദ്യോഗിക വാഹനത്തിലും മക്കള്‍ ടാക്‌സിയിലുമാണ് സ്ഥലങ്ങള്‍ കാണാന്‍ പോയത്.
അപ്പോള്‍ പറഞ്ഞു വന്നത് ഇതാണ്. ട്വിസ്റ്റുകളാല്‍ സമ്പന്നമാണ് മനുഷ്യ ജീവിതം.
