സുല്‍ത്താന്‍ബത്തേരി: വയനാട് തോല്‍പെട്ടി ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയില്‍ മുപ്പതുകിലോ സ്വര്‍ണ്ണം പിടികൂടി. സ്വര്‍ണം കടത്തുകയായിരുന്ന ആറ് ബെംഗളുരു സ്വദേശികളും പിടിയിലായിട്ടുണ്ട്.

രാത്രികാലങ്ങളില്‍ തോല്‍പ്പെട്ടിയിലൂടെ വ്യാപകമായി ലഹരി മരുന്നുകള്‍ കടത്തുന്നുണ്ടെന്ന് വിവരം എക്‌സൈസിന് നേരത്തെ ലഭിച്ചിട്ടുള്ളതാണ് ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടുദിവസമായി വലിയ പരിശോധനയായിരുന്നു എക്‌സൈസ് സംഘം. ഇതിനിടിയിലാണ് ബംഗളൂരുവില്‍ നിന്നും സ്വകാര്യ ബസില്‍ സ്വര്‍ണം കടത്തി കൊണ്ടു വരുന്ന വിവരം ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ ബംഗളൂരു സ്വദേശികളായ ആറുപേര്‍ പിടിയിലായി. ഇവരില്‍ നിന്നാണ് 30 കിലോ സ്വര്‍ണം പിടികൂടിയിട്ടുണ്ട്. കോഴിക്കോട്ടെ പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണം ആണെന്നാണ് പിടിയിലായവര്‍ നല്‍കിയ മൊഴി. എന്നാല്‍ നികുതി രേഖകളടക്കം ഒന്നും ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.

സ്വര്‍ണക്കടത്തുമമായി ബന്ധപ്പെട്ട് നടപടികള്‍ എക്‌സൈസ് പരിധിയില്‍പെടാത്തിനാല്‍ പിടികൂടിയ സ്വര്‍ണ്ണവും പ്രതികളെയും വാണിജ്യനികുതി വകുപ്പിന് കൈമാറും. തുടര്‍ന്നുള്ള നടപടികള്‍ വാണിജ്യനികുതി വകുപ്പായിരിക്കും നടത്തുക. ഇത്തരത്തില്‍ മുമ്പും സ്വര്‍ണ്ണം കടത്തിയിട്ടുണ്ടോ എന്ന് സംശയമുള്ളതിനാല്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് വാണിജ്യനികുതി വകുപ്പുദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.